മുംബൈയില്‍ കാണാതായ കൊയിലാണ്ടി സ്വദേശിയായ ചരക്ക് ലോറി ഡ്രൈവറെ കണ്ടെത്തി


കൊയിലാണ്ടി: മുംബൈയില്‍ വച്ച് കാണാതായ കൊയിലാണ്ടി സ്വദേശിയായ ചരക്ക് ലോറി ഡ്രൈവറെ കണ്ടെത്തി. ഫ്രെബ്രുവരി 8ന് കാണാതായ മാരാമുറ്റംതെരു ബി.കെ.വിനുവിനെയാണ് കണ്ടെത്തിയത്.

മുംബൈയിലെ കൊളാബ ഹാര്‍ബറില്‍ നിന്നും കൊയിലാണ്ടി സ്വദേശികളായ ലോറി ഡ്രൈവര്‍മാരാണ് ഇയാളെ കണ്ടെത്തിയത്. ഹാര്‍ബറില്‍ നിന്നും നടന്നുവരികയായിരുന്ന വിനുവിനെ ഇവര്‍ തിരിച്ചറിയുകയും ഉടന്‍ തന്നെ ചരക്ക് ലോറിയുടെ പ്രധാന ഡ്രൈവറായ എം.കെ.ഷിജുവിനെ വിവരം അറിയിക്കുകയായിരുന്നു.

കേരളത്തില്‍ നിന്നും ഫെബ്രുവരി നാലാം തിയ്യതി നവി മുംബൈയിലേക്ക് തിരിച്ച കെ.എല്‍. 35 ജി 8428 എന്ന ചരക്ക് ലോറിയില്‍ സെക്കന്‍ഡ് ഡ്രൈവറായി പോയതായിരുന്നു വിനു. ഫെബ്രുവരി ഏഴിന് രാത്രിയോടെയാണ് വാശിയില്‍ എത്തിയത്. തുടര്‍ന്ന് പിറ്റേന്ന്‌ രാവിലെ 9.30 മുതലാണ് കാണാതായത്.

കാണാതാകുന്നതിന് തലേദിവസം മുതല്‍ വിനു ചെറിയ രീതിയില്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതായി കൂടെയുണ്ടായിരുന്ന പ്രധാന ഡ്രൈവര്‍ എം.കെ.ഷിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞിരുന്നു. ഒപ്പം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വ്യക്തതയില്ലാതെയാണ് ഇയാള്‍ സംസാരിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഷിജു വാശി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.