പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവല്‍ ജൂലായ് 4 മുതല്‍ ഓഗസ്റ്റ് 4 വരെ


കൊയിലാണ്ടി: പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. ജൂലായ് 04 മുതല്‍ ഓഗസ്റ്റ് 04 വരെയാണ് ഫെസ്റ്റിവല്‍.

അന്നബഅ് ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കേരളത്തിലെ വിവിധ ദഅവാ കോളേജുകളില്‍ പഠനം നടത്തുന്ന ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ദ്വിദിന ഖുര്‍ആന്‍ പഠന ക്യാമ്പ്, വിവിധ കാമ്പസുകളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ സംബദ്ധിക്കുന്ന ലിബറോ സ്റ്റുഡന്റ്‌സ് സമ്മിറ്റ്, ഖുര്‍ആന്‍ പാരായണ നിയമ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥം മുഖദ്ദിമതുല്‍ ജസരിയ്യയുടെ അഖില കേരള ആശയ മനഃപാഠ മത്സരം, ഖുര്‍ആന്‍ മെഗാ ക്വിസ്, ഖുര്‍ആന്‍ സൗഹൃദ സംഗമം, ഖുര്‍ആന്‍ വിസ്മയം, മത്സ്യത്തൊഴിലാളി സംഗമം, ദൗറത്തുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങിയവ നടക്കും.

പ്രഖ്യാപന സംഗമത്തില്‍ മര്‍കസ് സി.എ.ഒ വി എം അബ്ദുറഷീദ് സഖാഫി, ഇ.കെ ശിഹാബുദ്ദീന്‍ സഖാഫി എളേറ്റില്‍, ശുഹൈബ് സഖാഫി ഒഴുകൂര്‍, ഇര്‍ഷാദ് സൈനി അരീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.