കുവൈറ്റിലെ തീപിടിത്തം; മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും


കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.

കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്‌നിബാധയുണ്ടാകുന്നത്. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു.

അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ‌ഉമ്മൻ (പത്തനംതിട്ട), മാത്യു തോമസ്‌‌ (ആലപ്പുഴ), ആകാശ് എസ്. നായർ (പത്തനംതിട്ട), രഞ്ജിത് (കാസർകോട്), സജു വർഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസർകോട്), സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയൻ (മലപ്പുറം), കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജൻ ജോർജ് (കൊല്ലം), പി.വി. മുരളീധരൻ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ഷമീർ ഉമറുദ്ദീൻ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പൻ നായർ, സുമേഷ് പിള്ള സുന്ദരൻ, അനീഷ് കുമാർ ഉണ്ണൻകണ്ടി, സിബിൻ തേവരോത്ത് ഏബ്രഹാം, ഷിബു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.


തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.