സ്‌ട്രോങ്ങ് റൂം തുറന്നു, വോട്ട് എണ്ണല്‍ പ്രക്രിയ ആരംഭിച്ചു; നെഞ്ചിടിപ്പോടെ വടകര
വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ പുതിയ എംപി ആരാകുമെന്ന ആകാംഷയിലാണ് എല്ലാവരും. ശക്തരായ സ്ഥാനാര്‍ത്ഥികളായതിനാല്‍ വടകരയിലെ ജനവിധി എന്താകുമെന്നത് പ്രവചനാതീതമാണ്. അതിനാല്‍ തന്നെ കേരളത്തിലെ മറ്റേത് മണ്ഡലങ്ങളേക്കാളും ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. ജെഡിടിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി ആറ് മണിയോടെ സ്‌ട്രോങ്ങ് റൂം തുറന്നു.
വോട്ടെണ്ണല്‍ കേന്ദ്രമായ ജെഡിടിയിലെ തപാല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമാണ് ഉദ്യോഗസ്ഥരെത്തി ആദ്യം തുറന്നത്. ഇതോടെ വോട്ട് എണ്ണല്‍ പ്രക്രിയ ആരംഭിച്ചു. 6.30 ഓടെ ഇവിഎം സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമും തുറന്നു. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറന്നത്. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറന്നത്.
30 വീതം ടേബിളുകളാണ് ഓരോ ലോക്‌സഭ മണ്ഡലത്തിലെയും തപാല്‍ വോട്ടുകള്‍ എണ്ണാന്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവിഎം വോട്ടുകള്‍ എണ്ണാനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വടകര ലോക്‌സഭാ മണ്ഡലത്തിനായി ഏഴ് കൗണ്ടിംഗ് ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും ലീഡ് നില അറിയിക്കും. ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.