വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; എ.ഡി.ജി.പി ക്യാമ്പ് ചെയ്യുന്നു


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന നാളെ വടകരയില്‍ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയില്‍ ക്യാമ്പ് ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കന്‍ കേരളത്തിലെ സ്ഥിതി വിലയിരുത്തി.

വടകര നാദാപുരത്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി സന്ദര്‍ശനം നടത്തി. ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കുമാണ് ഡിഐജി എത്തിയത്. വടകരയില്‍ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണല്‍ കഴിഞ്ഞാലും സേനയെ പിന്‍വലിക്കരുതെന്ന് നിര്‍ദേശമുണ്ട്.

വടകരയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. 1600 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. ആറ് കമ്പനി ബറ്റാലിയനും ആറ് സ്‌ട്രൈക്കിങ് ഫോഴ്‌സുകളും 66 മൊബൈല്‍ പട്രോള്‍ യൂണിറ്റുകളുമുണ്ടാകും. നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളില്‍ പ്രത്യേക സുരക്ഷയൊരുക്കും.