വധശ്രമക്കേസ് പ്രതികളെ കെട്ടിപ്പിടിച്ച് ഷാഫി,അക്രമ രാഷ്ട്രീയത്തിനെതിരെ ഒഴുക്കുന്നത് മുതലക്കണ്ണീരോ എന്ന് ചോദ്യം; മേപ്പയ്യൂരിൽ പ്രതിഷേധം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ആലിംഗനം ചെയ്യുന്ന വീഡിയോയ്ക്കെതിരെ വിമര്‍ശനമുയരുന്നു. ആക്രമിക്കപ്പെട്ട നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിന്റെ കുടുംബം അടക്കം ഷാഫിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തുന്നിരിക്കുകയാണ്.
2023 ഡിസംബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിയോടെയാണ് എടത്തില്‍ മുക്കില്‍ പൊതുനിരത്തില്‍വെച്ച് സുനിലിനെ ഇന്നോവ കാറിലെത്തിയ അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനിലിന് ഇപ്പോഴും പൂര്‍ണമായി ഭേദമായിട്ടില്ല. ആക്രമണത്തെ തുടര്‍ന്നുണ്ടായ പരിക്ക് ഭേദമാക്കാന്‍ ശസ്ത്രക്രിയ നടത്തി വിശ്രമത്തില്‍ കഴിയുകയാണ്. വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അക്രമരാഷ്ട്രീയത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഷാഫി പറമ്പില്‍ മേപ്പയ്യൂരില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന് വന്നയുടന്‍ ആദ്യം ചെന്നുകണ്ടത് ഈ അക്രമകാരികളെയാണെന്ന് സുനിലിന്റെ ഭാര്യയായ ഷൈജ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
യാദൃശ്ചികമായുണ്ടായ കൂടിക്കാഴ്ചയൊന്നുമല്ല. മേപ്പയ്യൂരില്‍ പര്യടനത്തിനെത്തിയ ഷാഫി ആദ്യം തന്നെ എത്തിയത് കീഴപ്പയ്യൂര്‍ പള്ളിയിലെ ഒരു വീട്ടിലാണ്. ഇവിടെ കൂടിയിരുന്ന പ്രവർത്തകർക്കിടയിലാണ് എടത്തില്‍മുക്കില്‍ നടന്ന ആക്രമണത്തില്‍ പ്രതികളായവരും ഉണ്ടായിരുന്നത്. ഇവരുമായി ഷാഫി സംസാരിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയകളില്‍ ഇന്ന് വൈറലാണ്. കോണ്‍ഗ്രസിന്റെ മേപ്പയ്യൂര്‍ മണ്ഡലം സെക്രട്ടറി പി.കെ.അനീഷ് മാസ്റ്റര്‍ക്കൊപ്പമാണ് ബുള്ളറ്റില്‍ ഷാഫി യാത്ര ചെയ്യുന്നത്. പുറമേ അക്രമരാഷ്ടീയത്തിനെതിരെ പ്രസംഗിക്കുകയും അതേസമയം തന്നെ അക്രമികളെ താലോലിക്കുകയും ചെയ്യുകയെന്നതാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇവിടെ മേപ്പയ്യൂരിലെ തന്നെ അറിയപ്പെടുന്ന ക്രിമിനലുകളായ ഈ സംഘത്തെ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്നവകാശപ്പെടുന്ന ഷാഫി പറമ്പിലും സംഘവും ചെന്ന് കണ്ട് കെട്ടിപ്പിടിച്ച് സൗഹൃദം പുതുക്കുമ്പോള്‍ ആരാണ് യഥാര്‍ത്ഥത്തില്‍ സമാധാനത്തിന്റെ വക്താക്കളെന്ന് ജനംതീരുമാനിക്കട്ടെയെന്നും ഷൈജ വ്യക്തമാക്കി.
ഷാഫി കെട്ടിപ്പിടിച്ച പ്രതികളിലൊരാളായ അജിനാസ് നേരത്തെയും പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. നന്തിയിലെ സജീവ എന്‍.ഡി.എഫ് പ്രവര്‍ത്തകന്റെ ഇന്നോവ കാറിലാണ് സുനിലിനെ ആക്രമിക്കാന്‍ ഈ സംഘം എത്തിയതെന്നും ഷൈജ ആരോപിക്കുന്നു.
ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘമാണ് സുനില്‍കുമാറിനെ ആക്രമിച്ചത്. ഇന്നോവകാര്‍ റോഡരികില്‍ നിര്‍ത്തി ആദ്യമെത്തിയ രണ്ടുപേര്‍ സുനിലിനെ അടിച്ചിടുകയും പിന്നാലെ മറ്റുള്ളവര്‍ വടിവാളുമായി വന്ന് വാള്‍വീശി കടയിലുണ്ടായിരുന്ന മറ്റ് ആളുകളെ ഭീതിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സുനിലിന് പിന്നാലെ ഓടി ആക്രമിക്കുകയായിരുന്നു. പിന്നീട് എട്ടുപേരും ചേര്‍ന്ന് സുനിലിന് നിലത്തിട്ട് ചവിട്ടുകയും ആയുധംവെച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ സുനില്‍ പ്രാണരക്ഷാര്‍ത്ഥം സമീപത്തുള്ള കടയിലേക്ക് ഓടിക്കയറി. എന്നാല്‍ കടയില്‍ നിന്നും സുനിലിനെ വീണ്ടും അടിച്ചിറക്കി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം നടന്ന് ആറുമാസത്തിനിപ്പുറവും സുനില്‍ ചികിത്സയില്‍ തുടരുകയാണ്.