ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; വടകര സ്വദേശിയായ ഡോക്ടര്‍ക്ക് നഷ്ടമായത് രണ്ടുകോടി 18ലക്ഷം, രണ്ടുപേര്‍ പിടിയില്‍


കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ മിന്‍ഹാജ്, മുഹമ്മദ് ഫാഹിം എന്നിവരാണ് അറസ്റ്റിലായത്.

വടകര സ്വദേശിയായ ഡോക്ടറില്‍ നിന്ന് രണ്ടുകോടി 18ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവര്‍ പിടിയിലായത്. കേസിലെ പ്രധാനപ്രതികള്‍ക്ക് സഹായം നല്‍കുന്നവരാണ് ഇവരെന്നാണ് പൊലീസ് നല്‍കിയ വിവരം. പ്രധാന പ്രതികള്‍ പിടിയിലായിട്ടില്ല.

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരാണ് ഇവര്‍. പ്രധാന പ്രതികള്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തദിവസം തന്നെ ഇവര്‍ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ താല്‍പര്യമുള്ള ആളുകള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ട്രേഡിങ്ങില്‍ താല്‍പര്യമുള്ള ആളുകളുടെ വാട്‌സ്ആപ്പിലേക്ക് ഒരു ലിങ്ക് അയക്കുകയും അത് ലോഗിന്‍ ചെയ്താല്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് ലഭിക്കുകയും ചെയ്യും. ഇതുവഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്ന് അഞ്ച് പേരാണ് അറസ്റ്റിലായത്.