കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത; സമഗ്രാന്വേഷണം നടത്തി ലഹരിമാഫിയാ സംഘത്തെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. അമല്‍സൂര്യ എന്ന ചെറുപ്പക്കാരന്റെ മരണത്തിന് ലഹരിമാഫിയ സംഘവുമായി ബന്ധമുണ്ട്. അമല്‍സൂര്യയുടെ ദൂരൂഹ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ലഹരിമാഫിയാ സംഘത്തിനെയും, സംരക്ഷകരെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും, ബസ്റ്റാന്‍ഡ് പരിസരവും കേന്ദ്രീകരിച്ച് ലഹരിമാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരവധിയായ സാമൂഹ്യ പ്രശ്‌നങ്ങളിലേക്കാണ് വഴിതുറക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള മാരക ലഹരിപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന സംഘമാണ് കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഒന്നരവര്‍ഷം മുന്‍പ് പെരുവട്ടൂര്‍ സ്വദേശിയായ 26 കാരന്‍ മരണപ്പെട്ടതിലും പ്രവര്‍ത്തിച്ചത് ഈ മാഫിയാ സംഘമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
ട്രെയിന്‍ വഴി അന്യസംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം കൊയിലാണ്ടിയില്‍ എത്തിക്കുന്ന ലഹരിപദാര്‍ത്ഥങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാര്‍ക്കും വിതരണം ചെയ്യാന്‍ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നിത്യജീവിതത്തിന്റെ ഭാഗമായും, വിദ്യാഭ്യാസ, ജോലി ആവിശ്യാര്‍ത്ഥവും കൊയിലാണ്ടിയില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ഭീഷണിയായി വലിയൊരു ക്രിമിനല്‍ സംഘത്തെ തന്നെ കൊയിലാണ്ടിയില്‍ ഈ മാഫിയാ സംഘം വളര്‍ത്തിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ലഹരിക്കെതിരായ നിരവധി ക്യാംപയിനുകളും, ഇടപെടലുകളും ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി പലപ്പോഴും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്നും ശക്തമായ ഇടപെടലിന് ഡി.വൈ.എഫ്.ഐ നേതൃത്വം നല്‍കും. ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീമായി ജനങ്ങള്‍ രംഗത്തിറങ്ങണം. പോലീസും മറ്റ് നിയമസംവിധാനങ്ങളും ഇടപെടല്‍ കര്‍ശനമാക്കുകയും, സന്ധ്യാസമയങ്ങളിലും ശേഷവും പെട്രോളിംഗ് ശക്തമാക്കുകയും ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.