സത്യനാഥന്റെ വീട്ടിലെത്തിയതിന് പിന്നാലെയുള്ള കെ.കെ.രമയുടെ പ്രസ്താവന രാഷ്ട്രീയമുതലെടുപ്പ്; ജനപ്രതിനിധിയ്ക്ക് യോജിക്കാത്ത പ്രസ്താവനയില്‍ മാപ്പു പറയണമെന്നും സി.പി.എം ഏരിയ സെക്രട്ടറി


കൊയിലാണ്ടി: ദിവസങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥനെയും കുടുംബത്തെയും വടകര എം.എല്‍.എ കെ.കെ.രമ അപമാനിച്ചതായി കൊയിലാണ്ടി സി.പി.എം ഏരിയ സെക്രട്ടറി. കഴിഞ്ഞദിവസം കൊയിലാണ്ടിയിലെ വീട്ടിലെത്തി സത്യനാഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച കെ.കെ.രമ പിന്നീട് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലൂടെയും കൊല്ലപ്പെട്ട സത്യനാഥനെയും പാര്‍ട്ടിയെയും അപമാനിക്കാനാണ് ശ്രമിച്ചതെന്ന് സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സത്യനാഥന്റെ വീട്ടിലെത്തിയ കെ.കെ.രമ എം.എല്‍.എയെ രാഷ്ട്രീയ മര്യാദയുടെ പേരില്‍ നാട്ടുകാരും വീട്ടുകാരും സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. സത്യനാഥന്റെ മക്കളോട് നല്ല രീതിയില്‍ സംസാരിച്ചാണ് അവര്‍ മടങ്ങിയത്. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ കൊല്ലപ്പെട്ടയാളിനെയും സി.പി.എം എന്ന പാര്‍ട്ടിയെയും സര്‍ക്കാറിനെയും അപമാനിക്കുന്ന തരത്തില്‍ ഒരു പ്രസ്താവന നല്‍കുകയാണ് ചെയ്തത്.

ഇത് തീര്‍ത്തും രാഷ്ട്രീയമുതലെടുപ്പായേ കാണാന്‍ സാധിക്കുകയുള്ളൂ. ഇവിടെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താനാണ് കൊലചെയ്തതെന്ന് പറഞ്ഞ് പ്രതി പൊലീസില്‍ കീഴടങ്ങിയതാണ്. പ്രതിയ്ക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവര്‍ സമഗ്രമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്.

പാര്‍ട്ടിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വ്യക്തിയായിരുന്ന സത്യനാഥന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സാഹചര്യത്തിലും നാടിന്റെ സമാധാന അന്തരീക്ഷം തകരാതെ കാത്തുസൂക്ഷിക്കുകയും സമാധാനപരമായി പ്രതിഷേധിക്കുകയുമാണ് സി.പി.എം ചെയ്തത്. അല്ലാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനല്ല ശ്രമിച്ചത്.

ഇവിടെ അക്രമി നേരത്തെ സി.പി.എം പ്രവര്‍ത്തകനായിരുന്നു, പാര്‍ട്ടിക്കു നാടിനും നിരക്കാത്ത നിരവധി പ്രവൃത്തികള്‍ ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ആളാണ്. അഞ്ചെട്ട് വര്‍ഷമായി പാര്‍ട്ടിയുമായോ പാര്‍ട്ടി പ്രവര്‍ത്തകരുമായോ യാതൊരു ബന്ധവുമില്ലാത്ത മനുഷ്യന്‍ അയല്‍വാസിയും ജനകീയനുമായ സത്യനാഥനെ കൊലപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ജനപ്രതിനിധിയെന്ന നിലയില്‍ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കെ.കെ.രമയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. അത് ചെയ്താതെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനുള്ള അവസരമായി കണ്ട് മുതലെടുപ്പ് നടത്തുന്നത് നിന്ദ്യമാണ്. ഇതിനെ സി.പി.എം ശക്തമായി അപലപിക്കുന്നു.

സത്യനാഥന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വടകര എം.പി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ കൊയിലാണ്ടിയിലെ വീട്ടില്‍ ബന്ധുക്കളെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു. ഇവിടെയെത്തിയ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി നേതാവും മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല. കെ.കെ.രമയുടെ പ്രതികരണത്തില്‍ കൊയിലാണ്ടിയിലെ പൊതുസമൂഹത്തിനും സത്യനാഥന്റെ വീട്ടുകാര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും മാന്യമായ സ്വീകരണത്തിന് അവര്‍ അര്‍ഹരല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ടി.കെ.ചന്ദ്രന്‍ പറഞ്ഞു.

കെ.കെ.രമയുടെ പ്രസ്താവനയ്‌ക്കെതിരെ സത്യനാഥന്റെ കുടുംബമടക്കം പ്രതിഷേധവുമായെത്തിയതോടെ അവര്‍ സോഷ്യല്‍ മീഡിയകളഇല്‍ പ്രസ്താവന തിരുത്തിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. എങ്കിലും ഒരു ജനപ്രതിനിധിയ്ക്ക് യോജിക്കാത്ത തരത്തിലുള്ള ഇടപെടല്‍ നടത്തിയ കെ.കെ.രമ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.