പി.വി.സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, കടകമ്പോളങ്ങള്‍ തുറന്നില്ല


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മെഡിക്കല്‍ ഷോപ്പുകളും അവശ്യസേവനങ്ങളും ഒഴികെയുള്ള കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും കുറച്ചു ബസുകള്‍ മാത്രമേ സർവ്വീസ് നടത്തിയിട്ടുള്ളൂ. ദീര്‍ഘദൂര ബസുകള്‍ പതിവുപോലെ സർവ്വീസ് നടത്തുന്നുണ്ട്. ഓട്ടോ ടാക്സി സർവ്വീസുകളും സത്യനോടുള്ള ആദര സൂചകമായി നിർത്തിവെച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളും നിരത്തിലുണ്ട്.

കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം.

സത്യനാഥിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹം കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് 3.30 ഓടെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സി.പി.എം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപം പൊതുദര്‍ശനത്തിനുവെക്കും. രണ്ടുമണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം സന്ധ്യയോടെ പെരുവട്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.