ആലപ്പുഴയില്‍ ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം, ബസ്സ് പൂര്‍ണമായി കത്തി നശിച്ചു


ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. എം.എസ്.എം കോളേജിന് മുന്‍വശത്തായി ദേശീയപതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനാണ് തീപിടിച്ചത്.

കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് മണം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ബസ്സില്‍ തീ ആളിപ്പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ഡ്രൈവരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വലിയ അപകടം ഒഴിവായത്.