സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു


കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാല്‍പ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം അദ്ദേഹം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നു. ഡിസംബര്‍ 16ന് ചേരുന്ന സി.പി.എ ദേശീയ നിര്‍വാഹക സമിതി അവധി അപേക്ഷയില്‍ തീരുമാനമെടുക്കാനിരിക്കെയാണ് കാനം രാജേന്ദ്രന്റെ വിയോഗം.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്റെ ജനനം. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.