മത്സരാര്‍ത്ഥികള്‍ക്ക് വേദികളില്‍ നിന്നും വേദികളിലേക്ക് സൗജന്യയാത്ര; പേരാമ്പ്രയില്‍ റവന്യൂജില്ലാ കലോത്സവത്തിനായുള്ള വാഹനങ്ങള്‍ സജ്ജം


പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമായുള്ള വാഹന സൗകര്യങ്ങ സജ്ജീകരിച്ചതായി ട്രാന്‍സ്‌പോര്‍ട്ടിങ് കമ്മറ്റി അറിയിച്ചു. മുഖ്യ വേദിയായ പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള വേദികളിലേക്ക് മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രായാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും എന്‍.ഐ.എം എല്‍.പി സ്‌കൂളിന്റെയും ഉള്‍പ്പെടെ മൂന്ന് സ്‌കൂള്‍ ബസ്സുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൗജന്യ ബസ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി മനോജ്കുമാര്‍ നിര്‍വഹിച്ചു. മത്സരാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്നവര്‍ക്കും സൗജന്യ യാത്രയ്ക്ക് 9562250120 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ഇതിനു പുറമെ കാണികള്‍ ഉള്‍പ്പെടെ കലോത്സവ നഗരിയില്‍ എത്തിച്ചേരുന്ന മറ്റുള്ളവര്‍ക്കായ് ഓരോ വേദിക്കും പുറത്തായ് 10 ഓളം ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചതായും അറിയിച്ചു ഇവയ്ക്ക് നിശ്ചിത സംഖ്യമാത്രം സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കാനാണ് തീരുമാനം. ഈ വാഹനങ്ങളിലെ ഡ്രൈവരര്‍മാര്‍ക്കായി പ്രത്യേക ബ്ഡ്ജ് നല്‍കും. ഈ വാഹനങ്ങളുടെ സൗകര്യം രാത്രി വളരെ വൈകുന്നതുവരെ ഉണ്ടാവുന്നതാണ്.

കലോത്സവത്തിനോട് പ്രത്യേക താല്‍പര്യം പ്രകടിപ്പക്കുന്ന ചില സംഘടനകളും തിരക്കുള്ള ദിവസങ്ങളില്‍ പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചതായും സംഘാടകര്‍ അറിയിച്ചു.