മോതിരം കൈമാറല്‍ എകെജി സെന്ററില്‍, ചടങ്ങുകള്‍ ലളിതം; ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവിന്റെയും മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം നടന്നു
കൊയിലാണ്ടി: ബാലശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. എ കെ ജി സെന്ററില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്. ലളിതമായ ചടങ്ങുകളാണ് വിവാഹ നിശ്ചയത്തിന് ഒരുക്കിയിരിക്കുന്നത്.
ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. സച്ചിന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. ബാലസംഘം എസ്.എഫ്.ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം.
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.