വാഹനങ്ങള്‍ക്ക് പോകാന്‍ സൗകര്യമുള്ള റോഡ് പോലുമില്ല; ദേശീയപാതയില്‍ മൂരാട് മേഖലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ബസുകള്‍ പാതിവഴിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതും വഴിതിരിച്ചുവിടുന്നതും പതിവ്
പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ ദീര്‍ഘവീക്ഷണക്കുറവ് കാരണം മൂരാട് മേഖലയില്‍ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക് പതിവാകുന്നു. മൂരാട് പാലത്തില്‍ നിന്നും പയ്യോളിയിലേക്ക് വരുന്ന ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ റോഡ് ക്രമീകരിക്കാതെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്.
മൂരാട് പാലത്തില്‍ നിന്നും ഓയില്‍മില്ല് വരെയുള്ള ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മഴക്കാലത്ത് റോഡ് ചെളിക്കുളവും വെയിലുള്ള സമയത്ത് രൂക്ഷമായ പൊടിശല്യവുമാണ്. ഇതുകാരണം വാഹനങ്ങള്‍ക്ക് ശരിയാംവണ്ണം കടന്നുപോകാന്‍ കഴിയാതെ വരുന്നെന്ന് യാത്രക്കാര്‍ പറയുന്നു.
ഇതിന് പുറമേ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി പുതിയ പാലത്തില്‍ സ്ലാബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മൂരാട് മുതല്‍ അയനിക്കാട് വരെ വാഹനങ്ങള്‍ നീണ്ടുകിടക്കുന്ന സ്ഥിതിയാണ്. ഇത്തരം പ്രവൃത്തികള്‍ വാഹനങ്ങള്‍ വലിയ തോതില്‍ കടന്നുപോകാത്ത രാത്രി സമയങ്ങളിലാക്കിയാല് ഗതാഗതക്കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ അത്തരം മുന്കരുതലുകളില്ലാത്തതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാര്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്.
പൊതുഗതാഗത സംവിധാനങ്ങളെ സംബന്ധിച്ച് ഇതുവഴിയുള്ള യാത്ര സാധ്യമല്ലാത്ത സ്ഥിതിയിലാണ്. ദീര്‍ഘദൂര ബസുകള്‍ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മണിയൂര്‍ വഴിയാണ് കടന്നുപോകുന്നത്. ഇതുവഴി ദൂരക്കൂടുതലായതുകൊണ്ട് ബസ് ജീവനക്കാരും സ്ത്രീകളടക്കം ദിവസേവ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റും പോകുന്നവരും ഏറെ പ്രയാസത്തിലാണ്. പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തുനിന്നും വടകരയിലേക്കുള്ള ബസുകള്‍ക്ക് ഗതാഗതക്കുരുക്ക് കാരണം പയ്യോളിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കേണ്ടിവരുന്ന സ്ഥിതിയാണ്. പല ബസുകളും സര്‍വ്വീസ് പൂര്‍ത്തിയാക്കാനാകാതെ പയ്യോളി സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള റീച്ചില്‍ പല ഭാഗത്തും ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. എന്നാല്‍ മറ്റുഭാഗങ്ങളിലൊന്നും ഗതാഗതക്കുരുക്ക് ഇത്രത്തോളം രൂക്ഷമല്ല. ദീര്‍ഘവീക്ഷണത്തോടെ സര്‍വ്വീസ് റോഡുകള്‍ കൃത്യമായി പൂര്‍ത്തിയാക്കിയശേഷം പ്രവൃത്തി തുടങ്ങിയിരുന്നെങ്കില്‍ യാത്രക്കാര്‍ ഇത്രത്തോളം ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.