സൈബര്‍ സെല്ലിന്റെ പേരില്‍ ലാപ്‌ടോപ്പില്‍ വ്യാജ സന്ദേശം; ആറ് മണിക്കൂറിനുള്ളില്‍ 33,900 രൂപ അടയ്ക്കാന്‍ നിര്‍ദേശം; കോഴിക്കോട് പതിനാറുകാരന്റെ ആത്മഹത്യ ഭീഷണി ഭയന്നെന്ന് പൊലീസ്


തിക്കോടി: ചിങ്ങപുരം സ്വദേശിയായ എടക്കുടി ആദിനാഥിന്റെ ആത്മഹത്യ ലാപ്‌ടോപ്പില്‍ വന്ന വ്യാജ ഭീഷണി സന്ദേശം ഭയന്നെന്ന് പൊലീസ്. ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്‌ളാറ്റിലാണ് ആദിനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലാപ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടയിലാണ് ആദിനാഥിന് സന്ദേശം ലഭിച്ചത്. 33900 രൂപ അടയ്ക്കണം എന്നായിരുന്നു അതില്‍ പറഞ്ഞത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കമ്പ്യൂട്ടര്‍ ബ്ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയാണ് വ്യാജ എന്‍.സി.ആര്‍.ബി സ്‌ക്രീന്‍ ലാപ്‌ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. ഒപ്പം സ്‌ക്രീനില്‍ അശോകസ്തംഭത്തിന്റെ അടയാളവും പതിപ്പിച്ചു.

നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും അതിനാല്‍ പിഴയടക്കമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പിഴയടച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുമെന്നും അറസ്റ്റു ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു.

പറഞ്ഞതുക നല്‍കിയില്ലെങ്കില്‍ രണ്ടുലക്ഷം രൂപ പിഴയുണ്ടാവുമെന്നും രണ്ടുവര്‍ഷം തടവുലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആറുമണിക്കൂറിനുള്ളില്‍ പണം അടയ്ക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ഇതെല്ലാം വായിച്ചതോടെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ചേവായൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.