”നൈതിക്കിന് ഒന്നാം വയസില്‍ കിട്ടിയ കൂട്ടുകാരന്‍, അഞ്ച് വര്‍ഷത്തിനിപ്പുറവും ഇവര്‍ ചങ്കാണ്” ചെറുവണ്ണൂര്‍ സ്വദേശിയായ നൈതിക്കും കാക്കയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ചറിയാം
കുഞ്ഞിന്റെ കയ്യിലെ അപ്പം തട്ടിപ്പറയ്ക്കുന്ന കാക്കമ്മയുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുവണ്ണൂര്‍ സ്വദേശിയും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരനുമായ ഷിജു.ടി.പിയുടെ വീട്ടില്‍ കുഞ്ഞിനു കൂട്ടുകാരനായ കാക്കയെയാണ് നമുക്ക് കാണാനാവുക. ഷിജുവിന്റെ മകന്‍ നൈതിക്കും കാക്കയും തമ്മിലാണ് അപൂര്‍വ്വമായ ഈ കൂട്ട്.
നൈതിക്കിന് ഒരു വയസുള്ളപ്പോള്‍ തുടങ്ങിയതാണ് ഈ ചങ്ങാത്തമെന്ന് ഷിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കുഞ്ഞ് വളര്‍ന്ന് അഞ്ചാം വയസുകാരനായിട്ടും ഈ കൂട്ട് തുടരുകയാണ്. രാവിലെയും വൈകുന്നേരവും നൈതിക്കിനെത്തേടി കാക്കയെത്തും.
കാക്കയുടെ പ്രാതല്‍ നൈതിക്കിനൊപ്പമാണ്. അവന്റെ കുഞ്ഞുകൈകളില്‍ നിന്ന് കിട്ടുന്ന അപ്പവും പുട്ടുമെല്ലാം കാക്ക അകത്താക്കും. കുഞ്ഞിക്കൈ ഒന്ന് നോവാന്‍ പോലും അനുവദിക്കാതെ. കുഞ്ഞുനൈതിക്കിനാകട്ടെ കാക്കയെ കണ്ടാല്‍ പിന്നെ കൂട്ടുകാരനെ കിട്ടിയ ആവേശമാണ്. ഭക്ഷണം നല്‍കിയും പിറകെ നടന്നും കൂട്ടുകൂടും.
മകന്റെ കാക്കയുമായുളള സൗഹൃദത്തില്‍ വീട്ടുകാരും പങ്കാളികളാണ്. രാവിലെയും വൈകുന്നേരവും നൈതിക്കിനെത്തേടി കാക്കയെത്താന്‍ തുടങ്ങിയതോടെ അല്പം ഭക്ഷണം അവനുവേണ്ടിയും കരുതിവെക്കും. ഇടയ്ക്ക് കുറച്ചുകാലം കാക്കയെ കണ്ടില്ലെന്നും എന്നാല്‍ പിന്നീട് വീണ്ടും വരാന്‍ തുടങ്ങിയെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
നൈതിക്ക് വളര്‍ന്നതോടെ പകല്‍ സമയം അംഗനവാടിയിലേക്ക് പോകാന്‍ തുടങ്ങിയെങ്കിലും നൈതിക്കിനെ കാണാന്‍ വരുന്ന പതിവ് കാക്ക നിര്‍ത്തിയിട്ടില്ല. അവന്‍ പഠനം കഴിഞ്ഞ് തിരിച്ചുവരുന്ന സമയമാകുമ്പോഴേക്കും കാക്ക വീട്ടിലെത്തുമെന്നും ബന്ധുക്കള്‍ പറയുന്നു.