നിപയില്‍ ആശ്വാസം; 42 പേരുടെ പരിശോധന ഫലം നെഗറ്റീവ്, വെന്റിലേറ്ററില്‍ കഴിയുന്ന ഒമ്പതുവയസുകാരന്റെ നില മെച്ചപ്പെട്ടു
കോഴിക്കോട്: നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 42 പേരുടെ കൂടി പരിശോധന ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 23 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളതാണ്. ഇന്ന് പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ രോഗികളില്‍ ആരുടെയും നില ഗുരുതരമല്ല. രോഗബാധിതനായി വെന്റിലേറ്ററില്‍ കഴിയുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
19 ടീമുകളായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സമ്പര്‍ക്കത്തിലുള്ള മുഴുവനാളുകളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇനി പൊലീസ് സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എടുത്ത് ആളുകളെ കണ്ടെത്തണം.
അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലെ കൂടുതല്‍ പേരെ കണ്ടെത്തുകയാണ്. പൊതുസ്ഥലങ്ങളിലും മറ്റും സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി ഫോണിലൂടെ വിവരം തിരക്കുമ്പോള്‍, സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് പലരും നല്‍കുന്നത്. അതുകൊണ്ടാണ് പൊലീസിന്റെ സഹായം തേടുന്നതെന്നും മന്ത്രി പറഞ്ഞു.