കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പട്ടി കടിച്ച് ചത്ത കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശവുമായി പഞ്ചായത്ത്


ചേമഞ്ചേരി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് ചത്ത കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജില്‍ വച്ച് ഞായറാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് കുതിരയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് 18 നാണ് കാപ്പാട് തൂവ്വപ്പാറയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്താനായി ഉപയോഗിച്ചിരുന്ന കുതിരയെ പേപ്പട്ടി കടിക്കുന്നത്. തുടര്‍ന്ന് കുതിരയ്ക്ക് പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച രോഗലക്ഷണങ്ങളെ തുടര്‍ന്ന് കുതിര കുഴഞ്ഞുവീണുകയും മരിക്കുകയുമായിരുന്നു.

പേ വിഷബാധയേറ്റ് കുതിര ചത്ത സാഹചര്യത്തില്‍ പഞ്ചായത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കുതിരയുമായി അടുത്തിടപഴകിയവരും സവാരി നടത്തിയവരും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.