കാപ്പാട് തുവ്വപ്പാറയില്‍ സവാരിക്കായുള്ള കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം; മറുപടിയുമായി പഞ്ചായത്ത് പ്രസിഡന്റ്


ചേമഞ്ചേരി: തുവ്വപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് സവാരി നടത്താനായി നിര്‍ത്തിയ കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം. കുതിര സവാരി നിര്‍ത്തിവയ്ക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതുകാരണം കുതിരസവാരി നടത്തിയ നിരവധി പേര്‍ ഭയവിഹ്വലരായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ ആരോപിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പാണ് കുതിരയെ പട്ടി കടിക്കുന്നത്. ഇതിന് ശേഷം കുതിരയെ സവാരിക്ക് ഉപയോഗിക്കരുതെന്ന് ഉടമയോട് നിര്‍ദ്ദേശിച്ചിരുന്നു. കൊയിലാണ്ടി സി.ഐ ഉള്‍പ്പെടെയാണ് ഇക്കാര്യം ഉടമയോട് പറഞ്ഞത്.

എന്നാല്‍ കുറച്ച് ദിവസം സവാരി നിര്‍ത്തിയെങ്കിലും ഓണത്തോടനുബന്ധിച്ച് വീണ്ടും സവാരി ആരംഭിക്കുകയായിരുന്നു. ഈ വിവരം പഞ്ചായത്തിനെ അറിയിച്ചിട്ടും പ്രസിഡന്റും സെക്രട്ടറിയും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം മുതല്‍ കുതിരയ്ക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായി. ഇതോടെയാണ് കുതിരയുടെ മേല്‍ സവാരി നടത്തിയവര്‍ ആശങ്കയിലായത്. കുതിരയുടെ ഉമിനീര്‍ മുറിവിലോ മറ്റോ ആയിട്ടുണ്ടെങ്കില്‍ അത് അപകടമാണ്. കുതിരസവാരി നടത്തിയവര്‍ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

സോഷ്യല്‍ മീഡിയാ പ്രചരണത്തിനെതിരെ ചേമഞ്ചേരി പഞ്ചായത്ത് രംഗത്തെത്തി. ജനങ്ങളില്‍ അനാവശ്യ ആശങ്ക ജനിപ്പിക്കുന്നതിനും പഞ്ചായത്തിനെ അധിക്ഷേപിക്കുന്നതിനും മാത്രമായുള്ള പ്രചരണമാണ് ഇതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ കുറ്റപ്പെടുത്തി.

കുതിരയ്ക്ക് പട്ടിയുടെ കടിയേറ്റ അന്ന് മുതല്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. കുതിരയ്ക്ക് പുറമെ പട്ടിയുടെ കടിയേറ്റ മറ്റ് മൃഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി. കുതിരയ്ക്ക് മാത്രം അഞ്ച് ഡോസ് വാക്‌സിനാണ് നല്‍കിയതെന്നും സതി കിഴക്കയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വാക്‌സിന്‍ നല്‍കിയതിന് പുറമെ കുതിരയെ സവാരിക്ക് ഉപയോഗിക്കുന്നത് നിര്‍ത്തി വയ്ക്കാനും കുതിരയെ സംരക്ഷിക്കാനും ഉടമയ്ക്ക് പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. കൂടാതെ കൊയിലാണ്ടി പൊലീസിനെയും ഇക്കാര്യങ്ങള്‍ അറിയിച്ചതാണ്.

കാപ്പാട് വിനോദസഞ്ചാര മേഖലയില്‍ കുതിര സവാരിക്കോ മറ്റു യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കോ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ഇവിടത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കുതിരയെ നാലു ദിവസം കൂടി നിരീക്ഷിക്കേണ്ടതുണ്ട്. കുതിരസവാരി നടത്തിയവര്‍ ഉടന്‍ ഡോക്ടറെ കണ്ട് ആശങ്കയകറ്റേണ്ടതാണ്. വെറ്ററിനറി സര്‍ജനും മറ്റ് മൃഗ സംരക്ഷണ ഉദ്യോഗസ്ഥരുമായും ആരോഗ്യ വകുപ്പുമായും ആലോചിച്ചു ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വീഡിയോ കാണാം: