എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് സന്ദേശം കിട്ടിയോ? പെട്ടെന്ന് പോയി പണമടയ്ക്കരുതേ, ആദ്യം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായുള്ള പരാതി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. യഥാര്‍ത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്. വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് പണമിടപാടുകള്‍ നടത്തുമ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മൊബൈലിലേക്ക് സന്ദേശമെത്തുന്നതിനു പുറമേ വീട്ടിലേക്കും നോട്ടീസെത്തും. എന്നാൽ എസ്എംഎസ് സന്ദേശങ്ങളെയാണ് സാമ്പത്തിക തട്ടിപ്പിനായി ഇത്തരക്കാർ ഉപയോ​ഗിക്കുന്നത്. നിങ്ങളുടെ വാഹനത്തിന്റെ പേരില്‍ ഇത്ര രൂപയുടെ പിഴയുണ്ടെന്ന് കാട്ടി ഉടമകളുടെ മൊബൈല്‍ ഫോണില്‍ സന്ദേശം അയക്കുംക്കും. പിഴ അടയ്ക്കാനുള്ളതെന്ന പേരില്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ടാവും.

ഒറ്റനോട്ടത്തില്‍ ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്നതിനാല്‍ വെബ്‍സൈറ്റിന്റെ അഡ്രസ് ഉള്‍പ്പെടെ മറ്റൊന്നും പെട്ടെന്ന് ശ്രദ്ധിച്ചെന്നുവരില്ല. ഇത്തരം വെബ്‍സൈറ്റുകളില്‍ കയറി പണമിടപാടുകള്‍ നടത്തിയാല്‍ ഇത് നേരെ ചെല്ലുക തട്ടിപ്പുകാരുടെ കെെകളിലേക്കാണ്. അതിനാൽ പരിവാഹൻ സേവ ( PARIVAHAN SEWA) എന്ന സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള QR കോഡ് സ്കാൻ ചെയ്തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടയ്ക്കണമെന്നാണ് മോട്ടോർ വാഹന പകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സമാനമായ തരത്തിലുള്ള മറ്റ് പേരുകളിലുള്ള വെബ്‍സൈറ്റുകള്‍ വ്യാജമാണെന്നതിനാല്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ അറിയിപ്പിന്റെ പൂർണ്ണരൂപം:

മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും, ഈ ചെല്ലാൻ (E chellan) പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പരിവാഹൻ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള QR കോഡ് സ്കാൻ ചെയ്തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകൾ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പാലിക്കുക.

Also Read-ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇനി പേടി വേണ്ട, സുരക്ഷിത യാത്രയ്ക്കായി ‘ട്രാക്ക് മൈ ട്രിപ്പ്’ സംവിധാനവുമായി കേരള പോലീസ്

Summary: Public should be cautious while making money transactions related to Department of Motor Vehicles