സമൃദ്ധിയുടെ നിറവിൽ ഇന്ന് തിരുവോണം; ഓണക്കോടിയും, പൂക്കളവും, സദ്യയുമായി കൂട്ടായ്മയുടെ ഉത്സവം ഗംഭീരമാക്കാൻ കൊയിലാണ്ടിയും; എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
നന്മയുടെ പൂവിളിയുമായി മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. പൂക്കളമിട്ടും പുത്തുനുടുപ്പണിച്ചും സദ്യയൊരുക്കിയും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികൾ നഷ്ടമാക്കാറില്ല
ഓര്‍മ്മകളുടെ പുതുവസന്ത കാലമാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് തലേദിവസം പൂവട്ടി നിറച്ച പൂവുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം. ഓണത്തിന്റെ വരവറിയിച്ച് അത്തം നാളില്‍ തുടങ്ങിയ പൂക്കളമിടല്‍ തിരുവോണത്തോടെ പര്യവസാനിക്കുന്നു. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ, ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. ഉത്രാടം നാളിലെന്ന പോലെ തിരുവോണ ദിവസവും താരതമ്യേന വലിയ പൂക്കളം തന്നെയാണ് തയ്യാറാക്കുന്നത്. തിരുവോണ നാളില്‍ മുറ്റത്ത് വലിയ പൂക്കളമിട്ട് മഹാബലിയെ കാത്തിരിക്കുന്ന ശീലം മലയാളിക്ക് ഇന്നും അന്യമായിട്ടില്ല.
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി എന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണ കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഉത്രാടം, തിരുവോണം നാൾ മുതൽ നാലു ദിവസം മഹാബലി എല്ലാ വീടുകളിലും എത്തി പ്രചകളുടെ ക്ഷേമം അന്വേഷിക്കും എന്നാണ് വിശ്വാസം.
കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു. തുമ്പയും മുക്കുറ്റിയും തെച്ചിയുമെല്ലാം പതിയെ നമ്മുടെ അയല്‍പക്കങ്ങളില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും, നവലോകത്തിന്റെ രീതികള്‍ക്കൊപ്പം ആഘോഷങ്ങള്‍ മാറിയെങ്കിലും, പഴമയുടെ നന്മ മാത്രം തെല്ലും ചോരാതെ ഓരോ മലയാളിയിലുമുണ്ട്.
നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത. തിരുവോണ ദിനത്തില്‍ എപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ഓണസദ്യ തന്നെയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് ഓണം. പൂക്കളമിട്ടില്ലെങ്കിലും ഓണസദ്യയൊരുക്കി അവരും ആഘോഷത്തിന്റെ ഭാഗമാകും.
എല്ലാ വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ …..
Summary: Malayali celebrating thiruvonam