‘കൊഴപ്പോല്ല കൊഴപ്പോല്ല, തലമുട്ടൽ ചടങ്ങാണ്’; മുക്കം സ്വദേശിനി ഭർത്താവിന്റെ വീട്ടിൽ കയറിയത് നിറഞ്ഞ കണ്ണുമായി, കരയിക്കാൻ ചെയ്തത് കണ്ടോ! വെെറലായി വീഡിയോ


കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വെെറലായി മുക്കം സ്വദേശിനി സജ്ലയുടെയും പാലക്കാട് സ്വദേശി സച്ചിന്‍റെയും വിവാഹ വീഡിയോ. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിനെ പ്രാദേശിക ആചാരത്തില്‍‌ സ്വീകരിക്കുന്ന ചടങ്ങാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നവദമ്പതികളുടെ തലകൾ മുട്ടിച്ച് വീട്ടിലേക്ക് ബന്ധുക്കൾ സ്വീകരിക്കുന്നതാണ് വീഡിയോയിലുള്ള ദൃശ്യങ്ങൾ.

അപ്രതീക്ഷിതമായേറ്റ അടിയിൽ തരിച്ച് നിൽക്കുന്ന സജ്ലയെ ദൃശ്യങ്ങളിൽ കാണാം. വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരമുള്ളത്. അയല്‍വാസി തന്നെയാണ് ആചാരത്തിന്‍റെ ഭാഗമായുള്ള ഇടി നടപ്പിലാക്കിയത്. ഇടികിട്ടിയ ശേഷം നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ടാണ് യുവതി ഭര്‍തൃവീട്ടിലേക്ക് കയറിയത്.

അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവര്‍ പശ്ചാത്തലത്തില്‍ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെന്നും
തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്ല പറയുന്നത്. വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. എവിടെയാണ് നിക്കുന്നത് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നാണ് സജ്ല പറയുന്നത്.

തലമുട്ടല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ചര്‍ച്ചകളും വൈറലായിരുന്നു. അതേസമയം പാലക്കാട്ട് ഇങ്ങനൊരു ആചാരമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുവിഭാഗം പറയുന്നത് ഇത് പാലക്കാട്ടെ ആചാരമാണെന്നാണ്.