മഴക്കാലത്തെ നേരിടാന്‍ നഗരസഭയ്ക്ക് തുണയായി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍; ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഹൈവേ പരിസരങ്ങള്‍ ശുചീകരിച്ചു


കൊയിലാണ്ടി: മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെയും മറ്റ് വിവിധ സംഘടനകളുടെ സഹകരണത്തോടുകൂടി ശുചീകരണം നടത്തി. നാല് സോണുകള്‍ ആയി തിരിഞ്ഞ് ബസ്റ്റാന്‍ഡ് പരിസരം, ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഹൈവെ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.

ശുചീകരണത്തിന് എസ്.എന്‍.ഡി.പി കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ബോയ്‌സ് സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കാലത്ത് 8:00 മണിക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഈ ബാബു സ്വാഗതവും സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി സുരേഷ് നന്ദിയും പറഞ്ഞു.

പരിപാടിയില്‍ കൗണ്‍സിലര്‍മാര്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.