”ചെറുപ്പത്തില്‍ തന്നെ കായിരരംഗത്തേക്ക് കടന്നുവന്ന സ്ത്രീയാണ് പി.ടി.ഉഷ, അവര്‍ ഒരിക്കലും സമരം ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ച് അങ്ങനെ പറയരുതായിരുന്നു” ഗുസ്തിതാരങ്ങളുടെ സമരത്തില്‍ പി.ടി.ഉഷയുടെ പരാമര്‍ശത്തിനെതിരെ കാനത്തില്‍ ജമീല എം.എല്‍.എ
സ്വന്തം ലേഖിക
കൊയിലാണ്ടി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ പി.ടി.ഉഷ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കാനത്തില്‍ ജമീല എം.എല്‍.എ. സ്ത്രീകള്‍ കായിക രംഗത്ത് മികവ് തെളിയിക്കുന്നത് എത്രത്തോളം പ്രതിസന്ധികളെ മറികടന്നാണെന്ന് ഒരു കായികതാരമെന്ന നിലയില്‍ പി.ടി.ഉഷയ്ക്ക് കൃത്യമായി അറിയാം. അങ്ങനെയുള്ള പി.ടി.ഉഷ ഇത്തരമൊരു പരാമര്‍ശം നടത്തിയത് അപലപനീയമാണെന്നും കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കാനത്തില്‍ ജമീലയുടെ വാക്കുകള്‍:
സ്ത്രീകളെപ്പറ്റി ഒരു കാര്യവും അറിയാത്തവര്‍ പറയുംപോലുള്ള വാക്കായി പോയി അവര്‍ പറഞ്ഞത്. ഒരു എം.പി, സ്ത്രീയായ ജനപ്രതിനിധി എം.പിയാണെങ്കിലും എം.എല്‍.എയാണെങ്കിലും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആണെങ്കിലും മറ്റേത് ജനപ്രതിനിധികളാണെങ്കിലും സ്ത്രീകളോടൊപ്പം നില്‍ക്കേണ്ടുന്ന ഒരു കാര്യത്തിലാണ് പി.ടി.ഉഷ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതും ഇത്രയും ഗുരതരമായ പ്രശ്‌നത്തില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അടക്കം ഇയാളില്‍ നിന്നും പീഡനത്തിന് ഇരയായതായി പറയുന്നുണ്ട്. നിരവധി പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിട്ടും കേസെടുക്കുകയോ ഒരുവിധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതായതോടെയാണ് അവിടെയവര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്. ആ സമരത്തില്‍ എല്ലാ വിഭാഗത്തിലുള്ള സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. ആ പങ്കെടുത്തിട്ടുള്ള സ്ത്രീകളെ അറസ്റ്റു ചെയ്യുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്.
ഒളിമ്പിക്‌സില്‍ നില്‍ക്കുന്ന എത്ര സ്ത്രീകളുണ്ട്, അവര്‍ക്ക് എന്ത് പിന്തുണയാണ് കൊടുക്കുന്നത്. പി.ടി.ഉഷയടക്കം ഒരു സ്ത്രീയാണ്, വളരെ ചെറുപ്പത്തില്‍ തന്നെ കായിക മേഖലയില്‍ വന്ന ആളാണ്. അവര്‍ക്ക് ഇതേ പോലെ ഒരു പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്നെങ്കിലും ഓര്‍ക്കേണ്ടേ. ജനങ്ങളെല്ലാം തന്നെ സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, സ്ത്രീകള്‍ക്ക് അനുകൂലമായി നില്‍ക്കേണ്ട ഒരു എം.പി വളരെ മോശമായ പദപ്രയോഗം ഉപയോഗിച്ച് ഈ സമരം ചെയ്യുന്നവരെ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ആര്‍ക്കുവേണ്ടിയാണ് ഇത് പറയുന്നത് എന്നതാണ്. ആര്‍ക്കോവേണ്ടിയാണ് പറയുന്നത്.
ജനപ്രതിനിധിയെന്ന നിലയില്‍ താഴെക്കിടയില്‍ പ്രവര്‍ത്തനം നടത്തിയോ, സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്തിയോ ഒക്കെ ഒരു സ്ഥാനത്തെത്തിയ ഒരാള്‍ക്ക് ഒരിക്കലും ഇങ്ങനെ പറയാനാവില്ല. അതൊന്നുമില്ലാത്തതിന്റെ ഭാഗമായാണ് ഉഷ ഇത് പറഞ്ഞത് എന്നാണ് തോന്നുന്നത്. വളരെ അപലപനീയമാണ് അവരുടെ ആ പ്രതികരണം.
പുരുഷന്മാര്‍ക്കൊപ്പം തന്നെ എല്ലാ രംഗങ്ങളിലും തിളങ്ങാനാവുന്നവരാണ് സ്ത്രീകള്‍. അതിന് ഏറ്റവും വലിയ തെളിവാണല്ലോ പി.ടി.ഉഷ. സ്ത്രീകള്‍ക്ക് പുരുഷന്മാരെപോലെ തന്നെ എന്നാല്‍ അതിനേക്കാള്‍ അപ്പുറം എത്താം എന്ന് തെളിയിച്ചവരാണ് ഉഷ. ആ ഒരു അനുഭവം കൂടി വെച്ചുകൊണ്ട് സ്ത്രീകള്‍ക്ക് അനുകൂലമായി നിലപാടെടുക്കുകയാണ് വേണ്ടത്. നിയമപ്രകാരം കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു ചെയ്യേണ്ടത്.