ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം: അരിക്കുളത്ത് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍
അരിക്കുളം: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി ബാധച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണവുമായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരിക്കുളത്ത് എത്തി ഐസ്‌ക്രീം വാങ്ങിയ കടയില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന.
പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് അരിക്കുളത്ത് എത്തിയത്. കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ അനീഷിനാണ് അന്വേഷണ ചുമതല.
അതേസമയം കുട്ടിയുടെ മരണകാരണം എന്താണെന്ന് വ്യക്തമായി അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് സാമ്പിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും വരണം. ഈ റിപ്പോര്‍ട്ടുകള്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള അന്വേഷണം മുന്നോട്ട് പോകുക. ഡി.വൈ.എസ്.പി ഹരിപ്രസാദിന് പുറമെ കൊയിലാണ്ടി സ്റ്റേഷന്റെ ചുമതലയുള്ള സി.ഐ സുഭാഷ് ബാബു, അന്വേഷണ ചുമതലയുള്ള എസ്.ഐ അനീഷ്, എ.എസ്.പി എന്നിവരുള്‍പ്പെട്ട പൊലീസ് സംഘവും ഫോറന്‍സിക് സംഘവുമാണ് ഇന്ന് പരിശോധനയ്ക്കായി അരിക്കുളത്ത് എത്തിയത്.
അരിക്കുളം മുക്കിലെ ബിസ്മി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ ഹിസായി ആണ് ഛര്‍ദ്ദിയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. പന്ത്രണ്ടു വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് കുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു.