പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ കയ്യടി നേടിയ ഗോള്‍ കീപ്പര്‍, റിട്ടയര്‍മെന്റിന് ശേഷം ഫുട്‌ബോള്‍ പരിശീലകനെന്ന നിലയില്‍ സജീവം; പി.കെ സുരേന്ദ്രന്റെ സംസ്‌കാരം ബുധനാഴ്ച രാത്രി 11 മണിക്ക്


കൊയിലാണ്ടി: കുറുവങ്ങാട്ട് കനാത്ത് താഴെ പി.കെ സുരേന്ദ്രന്റെ മരണത്തോടെ കൊയിലാണ്ടിയ്ക്ക് നഷ്ടമായത് മികച്ച ഫുട്‌ബോള്‍ പരിശീലകനെ. ഫുട്‌ബോളിനുവേണ്ടി ജീവിതത്തിലെ വലിയൊരു ഭാഗം മാറ്റിവെച്ചയാളായിരുന്നു പി.കെ.സുരേന്ദ്രന്‍.

പഠിക്കുന്ന കാലം മുതല്‍ ഫുട്‌ബോള്‍ കളിയോട് വലിയ താല്‍പര്യമായിരുന്നു സുരേന്ദ്രന്. പോസ്റ്റ് ഓഫീസില്‍ ജോലി കിട്ടിയതിനുശേഷം വിവിധ ക്ലബ്ബുകളിലും മറ്റും ഗോള്‍കീപ്പറായിരുന്നു. പി.ആന്റ് ടി ഫുട്‌ബോള്‍ ക്ലബ്, ഭഗത്സിങ് മെമ്മോറിയല്‍ ക്ലബ്ബ്, ക്വാര്‍ട്‌സ് സോക്കര്‍ കൊയിലാണ്ടി, ഇന്‍ഡിപ്പെന്റന്റ് ക്ലബ്ബ് ഇന്‍ഡിപ്പെന്റന്റ് ക്ലബ്ബ് എന്നിങ്ങനെ കോഴിക്കോട് ജില്ലയിലെ നിരവധി ഫുട്‌ബോള്‍ ടീംമുകള്‍ക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

വികാസ് മണമല്‍ യങ് ബ്രദേഴ്‌സ്, കുറുവങ്ങാട് ശക്തി തീയേറ്റേഴ്‌സ്, സെവന്‍ ബ്രദേഴ്‌സ് ചെങ്ങോട്ടുകാവ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി എ.കെ.ജി ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. പിന്നീട് ഫുട്‌ബോള്‍ പരിശീലകനായി നിരവധി പേരെ പരിശീലിപ്പിച്ചു. ഇ.ഡി. പോസ്റ്റുമേനായി റിട്ടയര്‍ ചെയ്തശേഷം കൊയിലാണ്ടിയിലെ എ.ബി.സി ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലകനായി ജോലി ചെയ്യുകയായിരുന്നു. പി.കെ.എസ്. കൊയിലാണ്ടി മേഖലാ കമ്മിറ്റി അംഗം, കര്‍ഷകസംഘം മേഖലാ കമ്മിറ്റി അംഗം തുടങ്ങി വിവധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

രാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടന്നുപോകവെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം കുറുവങ്ങാട്ടെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് (ബുധനാഴ്ച) രാത്രി പതിനൊന്ന് മണിക്ക് നടക്കും.

പരേതരായ കനാത്ത് താഴ കേളന്റെയും, ചോയിച്ചിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: ശ്രാവണ്‍, ശ്രുതി, ശ്രേണി. മരുമകന്‍: അഭിലാഷ് (ആര്‍മി). സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണന്‍ (റിട്ടയേര്‍ഡ് എസ്.ഐ), ഉഷ.