”ഉണങ്ങിയ വാഴയിലകൊണ്ട് ശരീരം മുഴുവന്‍ പൊതുഞ്ഞുകെട്ടി ശിവനും പാര്‍വ്വതിയുമായി അവരെത്തുന്നു” കൊയിലാണ്ടി കൊരയങ്ങാട്, മാരാമുറ്റം തെരുവുകളില്‍ വിഷുദിനത്തില്‍ നടന്നുവരുന്ന ചപ്പകെട്ട് എന്ന ആചാരത്തെ അറിയാം
ക്ഷേത്രങ്ങളില്ലാത്ത ശാലിയത്തെരുവുകളില്ല. നെയ്ത്തുശാലകള്‍ക്കും വീടുകള്‍ക്കുമിടയില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒരാല്‍വൃക്ഷവും, തൊട്ടടുത്ത് ഒരു ക്ഷേത്രവും. ഗണപതിയാണ് കുലദൈവം. പണ്ടുകാലം മുതലേ നെയ്ത്ത് കുലത്തൊഴിലായി സ്വീകരിച്ച് തെരുവ് അടിസ്ഥാനത്തില്‍ അമ്പലവും അതിനൊട് ചുറ്റപ്പെട്ടു കിടക്കുന്ന കുറെ ശാലിയ വീടുക്കളില്‍ താമസിക്കുകയും ചെയ്യുന്ന ശാലിയ സമുദായത്തില്‍ രണ്ടു വിഭാഗങ്ങളുണ്ട് ഇടങ്കരും വലങ്കരും. ഇതില്‍ വലങ്കരാണ് കുലദൈവമായി ഗണപതിയെ പൂജിക്കുന്നത്.
കാസര്‍ഗോഡ് ഭാഗത്ത് ശാലിയരെ ദേവാംഗരെന്നാണ് വിളിക്കുന്നത്. തിരുവിതാംകൂറില്‍ പട്ടാര്യസമുദായക്കാരും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശാലിയത്തെരുവുകള്‍ ഏറെയുള്ളത്.
നെയ്ത്ത് മാത്രമല്ല തുണിക്കച്ചടവും ഒരുകാലത്ത് ഇവരുടെ കുത്തകയായിരുന്നു. ഇന്ന് തുണിക്കച്ചവടം കയ്യില്‍ കാശുള്ള എല്ലാവരുടേതുമായി മാറി. മാത്രമല്ല ശാലിയസമുദായക്കാര്‍ വളരെ ചുരുക്കം പേരേ തുണിക്കച്ചവട രംഗത്തുള്ളൂ.
നെയ്ത്തുകാരന്റെ കുലദൈവം ഗണപതിയായതെങ്ങനെയെന്നല്ലേ? പണ്ട് ശാലിയര്‍ ബ്രാഹ്‌മണരായിരുന്നു. ശല്യ ബ്രാഹ്‌മണര്‍. അന്നത്തെകാലത്ത് ഒരു ആചാരമുണ്ടായിരുന്നു പാപനിവൃത്തിക്കായി ബ്രാഹ്‌മണര്‍ക്ക് സദ്യനടത്തുന്ന ഒരേര്‍പ്പാട്. സദ്യക്ക് എന്തുമാത്രം വിഭാവങ്ങളുണ്ടയിരുന്നാലും സദ്യയുണ്ണുന്ന ബ്രാഹ്‌മണര്‍ക്ക് ഒരിക്കലും തൃപ്തിവരാറില്ലത്രേ. സദ്യ കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ ‘ഛെ അതു മോശം, ഇതു മോശം’ എന്നൊക്കെ അഭിപ്രായങ്ങള്‍ പാസ്സാക്കിയായിരുന്നത്രെ ഇവരുടെ യാത്ര.
തന്റെ പാപം തീര്‍ന്നില്ലെങ്കിലും വേണ്ടില്ല ഇത്തരക്കാരെയോന്നു പറ്റിക്കണമെന്നു കരുതി ഒരു മഹാ പാപി ഒരു സദ്യ ഏര്‍പ്പെടുത്തി. ബ്രാഹ്‌മണരെയെല്ലാം സദ്യക്ക് ക്ഷണിച്ചു. സദ്യക്ക് വിളമ്പാന്‍ ഒരു പുതിയ കറികൂടി ഉണ്ടായിരുന്നു. ചെമ്മീന്‍ വറുത്തു പൊടിച്ച് തയ്യാറാക്കിയ ഒരു കറി. സദ്യയെല്ലാം കഴിഞ്ഞപ്പോള്‍ ബ്രാഹ്‌മണരോട് അഭിപ്രായം ചോദിച്ചു. എങ്ങിനെയുണ്ടായിരുന്നു? ‘ബഹുകേമം’ എല്ലാവരും ഒരേ സ്വരത്തില്‍ അറിയിച്ചു. എന്നാല്‍ വിഡ്ഢികളെ നിങ്ങള്‍ വാരിക്കോരിക്കുടിച്ചത് ചെമ്മീന്‍കറിയാണ്. ഇതു കേള്‍ക്കേണ്ട താമസം പലരും ബോധംകെട്ടുവീണു. ചിലര്‍ക്ക് ചര്‍ദ്ദി. അങ്ങനെ ബഹളത്തോട് ബഹളം.
ഇനി എന്താ ഒരു നിവര്‍ത്തി. അരുതാത്തത് ചെയ്തുപോയില്ലേ? ബ്രാഹ്‌മണര്‍ കൂട്ടായി ആലോചിച്ചു. ജീവനോടുക്കുകതന്നെ. അല്ലാതെ മത്സ്യം വയറ്റിലാക്കിയ ബ്രാഹ്‌മണര്‍ക്ക് വേറെന്തു ഗതി? അവര്‍ നാല്‍പ്പത്തിയെട്ട് പേരുണ്ടായിരുന്നു. എല്ലാവരുംകൂടി തീക്കുണ്ഡമുണ്ടാക്കി അതില്‍ ചാടാന്‍ തന്നെ തീരുമാനിച്ചു. നാല്‍പ്പത്തിയെഴ് പേരും ചാടി. അവസാനത്തെ ആള്‍ ചാടാന്‍ പുറപ്പെട്ടപ്പോളതാ പരമശിവന്‍ പ്രത്യക്ഷപ്പെടുന്നു. ശിവന്‍ അയാളുടെ കൈ പിടിച്ച് ചോദിച്ചു: എന്താ കാട്ട്ണ്? നാല്‍പ്പതിയെട്ടാമന്‍ കാര്യമെല്ലാം പരമശിവന്റെ അടുത്ത് അറിയിച്ചു. ഏയ്, ഇത്തരത്തില്‍ ഞാനിവിടെ ജീവിച്ചിട്ടെന്താ? എന്നെ മരിക്കാന്‍ അനുവദിക്കണമെന്നായി. എന്നാല്‍ പരമശിവന്‍ അയാളെ മരിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല ശിവന്‍ ഒരു കറുകപ്പുല്ല് ജപിച്ച് തീക്കുണ്ഡത്തിലേക്ക് എറിയുകയും ചെയ്തു. മരിച്ച നാല്‍പ്പത്തിയേഴ് പേരും ഉയിര്‍ത്തെഴുന്നേറ്റു എല്ലാവരോടുമായി ശിവന്‍ പറഞ്ഞു: നിങ്ങളെല്ലാം ഇനി ഒന്നായി താമസിച്ച് നെയ്ത്ത് തൊഴിലായി സ്വീകരിച്ചോളൂ. പിന്നെ എന്റെ മകന്‍ ഗണപതിയെ താമസസ്ഥലത്ത് പ്രതിഷ്ഠ നടത്തി പൂജിക്കുകയും ചെയ്‌തോളൂ. നിങ്ങള്‍ക്ക് ഗുണം വരും.
എല്ലാ വര്‍ഷവും ഞാനും പാര്‍വതിയും നിങ്ങളെ കാണാന്‍ അങ്ങോട്ട് വരും. ഇത്രയും പറഞ്ഞ് ശിവന്‍ അപ്രത്യക്ഷനായി. എല്ലാവരും ശിവന്‍ പറഞ്ഞതുപോലെത്തന്നെ ചെയ്തു. നെയ്ത്തു തൊഴിലായി സ്വീകരിച്ചു, കൂട്ടായി ഒരിടത്ത് താമസിച്ചു. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ ശിവനും പാര്‍വ്വതിയും തന്റെ പ്രജകളെ കാണാന്‍ വരും. അന്ന് ശാലിയത്തെരുവുകള്‍ക്ക് ഒരു ഉത്സവമായിരിക്കും. വിഷു ദിവസത്തിലാണ് ശിവനും പാര്‍വ്വതിയും എത്തുക.
വിഷു ദിവസം ഉണങ്ങിയ വാഴക്കൈകള്‍ കൊണ്ട് ശരീരം പൊതിഞ്ഞ് രണ്ടുപേര്‍ ശിവനും പാര്‍വ്വതിയുമായി വേഷം കെട്ടി തെരുവുകളിലെ വീടുകളിലെല്ലാം കയറിയിറങ്ങും. നിലവിളക്ക് കൊളുത്തി വീട്ടുകാര്‍ അവരെ സ്വീകരിക്കും. ഇതുകൂടാതെ ഗണപതിക്കോവിലില്‍ പ്രത്യേക ഉത്സവങ്ങളും നടത്തും. ഉത്സവത്തിന് ചെണ്ടകൊട്ടുന്നതും ഈ സമുദായത്തിലുള്ളവര്‍ തന്നെയാണ്.
ഉത്തര കേരളത്തിലെ ശാലിയ സമുദായത്തില്‍പ്പെട്ടവര്‍ വിഷുദിവസം വൈകിട്ട് നടത്തുന്ന അനുഷ്ഠാനപരമായ ഒരു ആഘോഷമാണ് ചപ്പകെട്ട്. ശിവന്‍, പാര്‍വതി, സഹായി എന്നിവരുടെ വേഷങ്ങളാണ് ചപ്പക്കെട്ടില്‍ അവതരിപ്പിക്കുന്നത്. ഭവനങ്ങളില്‍ ക്ഷേമം അന്വേഷിക്കാനായി ശിവപാര്‍വതിമാര്‍ വേഷപ്രച്ഛന്നരായി എത്തുന്നെന്നാണ് ഈ അനുഷ്ഠാനത്തിലെ സങ്കല്പം.
ഉണങ്ങിയ വാഴയിലകള്‍ (വാഴച്ചപ്പ്) ദേഹത്തു വെച്ചുകെട്ടിയാണ് ശിവനും പാര്‍വതിയും എത്തുക. ഈ വാഴയിലകൊണ്ടുതന്നെ കിരീടമുണ്ടാക്കി തലയില്‍ അണിയുകയും മുഖത്ത് ചകിരികൊണ്ടുള്ള മീശ പതിക്കുകയും ചെയ്യുന്നു. വെള്ളരിക്ക വട്ടത്തില്‍ മുറിച്ചെടുത്ത് കാതില്‍ ആഭരണമായി അണിയുന്നു.
പടക്കങ്ങള്‍ പൊട്ടിച്ചും ആര്‍പ്പ് വിളിച്ചും നിരവധി ആളുകള്‍ ഇവരെ അനുഗമിക്കും. വീട്ടിലെത്തുന്ന സംഘത്തെ നിലവിളക്ക് കത്തിച്ചുവെച്ചും കണിവെള്ളരിക്ക, നാളികേരം എന്നിവ താലത്തില്‍വെച്ചും സ്വീകരിക്കുന്നു. വീടുകളില്‍ നിന്നും സ്വീകരിക്കുന്ന വസ്തുക്കള്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തിയശേഷം അവര്‍ക്കുതന്നെ തിരികെ നല്‍കും.
കോഴിക്കോട്ടെ പത്മശാലിയ സമുദായത്തിന്റെ തനതായ അനുഷ്ടാന ചടങ്ങുകളിലൊന്നാണ് ചപ്പുകെട്ട്. പണ്ടാട്ടി വരവ്, യോഗി പുറപ്പാട് എന്നിങ്ങനെയും ഈ ആചാരത്തിനു പേരുകളുണ്ട്. വാഴയുടെ ഉണക്കയില ശരീരം മുഴുവന്‍ പൊതിഞ്ഞുകെട്ടുന്ന വേഷമായതുകൊണ്ടാണ് ഇതിനെ ചപ്പുകെട്ട് എന്ന് വിളിയ്ക്കുന്നത്. ശിവനും പാര്‍വതിയും വേഷംമാറി ജനങ്ങളുടെ ഇടയില്‍ ക്ഷേമാന്വേഷണത്തിന് എത്തുന്നു എന്നതാണ് ഇതിനു പിറകിലുള്ള ഐതിഹ്യം.
ശിവനും പാര്‍വതിയും സഹായിയും എന്ന രീതിയില്‍ മൂന്നുപേര്‍ വേഷം കെട്ടും. ഒരാള്‍ യോഗിയാണ് എന്നാണ് സങ്കല്‍പം. ഈ യോഗി ജനങ്ങള്‍ക്ക് അസുഖങ്ങള്‍ക്ക് മരുന്ന് കുറിച്ചുകൊടുക്കുകയും സ്വന്തമായ രീതിയില്‍ പച്ചമരുന്നുകള്‍ വിതരണംചെയ്യുകയും ചെയ്യാറുണ്ട്. സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നാണ് പണ്ടാട്ടി വരവ് യാത്രതിരിയ്ക്കുക. പിന്നീട് തെരുവുകളിലെ വീടുകള്‍ തോറും കയറിയിറങ്ങുന്ന പണ്ടാട്ടികള്‍ വഴിയില്‍ കാണുന്നവരെയും അനുഗ്രഹിയ്ക്കും. പണ്ടാട്ടി വീടുകളില്‍ എത്തുന്നതിനു മുമ്പ് ചാണകം തളിച്ച് വീടും പരിസരവും ശുദ്ധി വരുത്തും. കൊളുത്തിവെച്ച നിലവിളക്കിന്റെ കൂടെ നിറനാഴി, കണിവെള്ളരി, നാളികേരം എന്നിവ വെച്ചാണ് ഇവരെ സ്വീകരിയ്ക്കുക. പണ്ടാട്ടി തന്റെ വടി കൊണ്ട് വീടുകളുടെ ജനല്‍, വാതില്‍, ചുവര്‍ എന്നിവയില്‍ അടിച്ച് ശബ്ദമുണ്ടാക്കും. ഈ സമയത്ത് പണ്ടാട്ടിയെ അനുഗമിയ്ക്കുന്നവര്‍ ‘ചക്കക്കായ് കൊണ്ടുവാ…….
മാങ്ങാക്കായ് കൊണ്ടുവാ…..
ചക്കേം മാങ്ങേം കൊണ്ട്വാ…..
എന്നിങ്ങനെ ആര്‍പ്പ് വിളിച്ച് പടക്കങ്ങള്‍ പൊട്ടിച്ച് കൊഴുപ്പ് കൂട്ടും. വട്ടത്തില്‍ മുറിച്ച വെള്ളരി കൊണ്ട് കാതില്‍ ഒരു ആഭരണവും, ചകിരി കൊണ്ടുള്ള മീശയും വാഴ കൊണ്ടുള്ള കിരീടവുമാണ് ചപ്പകെട്ടുകാരുടെ കോലത്തിന്റെ രൂപ സവിശേഷത.
കോഴിക്കോട് ജില്ലയിലെ കൊന്നനാട് തെരുവ്, ബാലുശ്ശേരി തെരുവ്, പൂക്കാട് കുഞ്ഞിക്കുളങ്ങര തെരുവ്, തിരുവങ്ങൂര്‍ തെരു മഹാ ഗണപതി ക്ഷേത്രം, കൊയിലാണ്ടി കൊരയങ്ങാട് തെരുവ്, മാരാമുറ്റം തെരുവ് എന്നിവിടങ്ങളില്‍ എല്ലാവര്‍ഷവും വിഷു ദിനത്തില്‍ മുടങ്ങാതെ ചപ്പകെട്ട് നടന്നുവരുന്നു…