നിലയ്ക്കലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയില്‍ വീണു; നിരവധി പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം


പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് റോഡരികിലെ താഴിചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശികളായ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ബസ് ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്.

നിലയ്ക്കല്‍ ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് കുട്ടികളടക്കം 64 പേരാണ് ബസിലുണ്ടായിരുന്നത്.

അപകടവിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളിലെപോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ തന്നെ ബസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി.

ആംബുലന്‍സുകളിലും  മറ്റു അയ്യപ്പഭക്തരുടെ വാഹനങ്ങളിലുമാണ് യാത്രക്കാരെ ആശുപത്രികളില്‍ എത്തിച്ചത്. തീര്‍ഥാടകരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.