‘ഇഞ് ഡോക്ടറാണേൽ ഡോക്ടറ പണി എടുക്കണം’; ​കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറോട് കയർത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വെെറലായി വീഡിയോ


കുറ്റ്യാടി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിശദീകരണം തേടുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വെെറലായി. പ്രസിഡന്റ് കെ.പി ചന്ദ്രിയും ഡോക്ടറും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോക്ടറാണേൽ സ്വന്തം പണി എടുക്കണമെന്നാണ് പ്രസിഡന്റ് ഡോക്ടറോട് പറയുന്നത്. സംഭവത്തിൽ നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെ കുറ്റ്യാടി പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

മദ്യപിച്ച് ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം. രോഗികള്‍ ബഹളമുണ്ടാക്കിയതോടെ ആശുപത്രിയില്‍ എച്ച്.എം.സി യോഗത്തില്‍ പങ്കെടുത്തിരുന്ന കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ സംഭവസ്ഥലത്തെത്തുന്നത്. ഡോക്ടറാണേൽ സ്വന്തം പണിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറോട് കയർക്കുന്നതും വീഡിയോയിൽ കാണാം.

പ്രശ്നം വഷളായതോടെ കുറ്റ്യാടി പോലീസ് വിപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗവ. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തതായും ഇയാള്‍ക്കെതിരെ പരാതി ഉണ്ട്.