ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലും മംഗള എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണം; കെ.മുരളീധരന്‍ എം.പിയ്ക്കുമുമ്പാകെ ആവശ്യമുന്നയിച്ച് കൊയിലാണ്ടിക്കൂട്ടം


കൊയിലാണ്ടി: മംഗള എക്‌സ്പ്രസിന് ഡല്‍ഹിയില്‍നിന്ന് എറണാകുളംത്തേക്ക് പോകുമ്പോള്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊയിലാണ്ടിക്കൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ആവശ്യപ്പെട്ടു. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വടകര എം.പി കെ.മുരളീധരന് കൊയിലാണ്ടിക്കൂട്ടം നിവേദനം നല്‍കി.

എറണാകുളത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ടെങ്കിലും ഡല്‍ഹി-എറണാകുളം യാ ത്രയില്‍ സ്റ്റോപ്പില്ല. ഇതുകാരണം കൊയിലാണ്ടിയില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് ഇറങ്ങി തിരിച്ചു വരേണ്ട സ്ഥിതിയാണുള്ളെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്തിനുമുമ്പുള്ള സ്റ്റോപ്പുകളും സമയക്രമവും പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ചു. ബുധനാഴ്ച നടക്കുന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കാമെന്ന് എം.പി. ഉറപ്പുനല്‍കി.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ പവിത്രന്‍ കൊയിലാണ്ടി, ഡല്‍ഹി ചാപ്റ്റര്‍ സെക്രട്ടറി ഹക്കിം പൂനൂര്‍, വൈസ് പ്രസിഡന്റ് കെ.പി.മുകുന്ദന്‍, കണ്‍വീനര്‍ എ.പി.മധുസൂദനന്‍, അര്‍ജുന്‍ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.