ഭക്ഷണപ്രേമികളെ ലക്ഷ്യം വെച്ച് ഐ.ആർ.സി.ടി.സി; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായി വാട്ട്സാപ്പ് വഴി ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ട്രെയിൻ യാത്രയില്‍ അവസരമൊരുങ്ങുന്നു


കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ ഇഷ്ടഭക്ഷണം ഇനി വാട്സാപിലൂടെയും ഓർഡർ ചെയ്യാം. ഭക്ഷണ പ്രേമികളായ യാത്രികര്‍ക്കായി വ്യത്യസ്തമായ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഐആർസിടിസി.

സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായ വിധത്തില്‍  ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ ഇതുവഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷണം നിങ്ങളുടെ സീറ്റില്‍ എത്തും. ട്രെയിൻ യാത്ര ചെയ്യുന്ന റൂട്ടിലുള്ള പ്രധാന ഹോട്ടലുകൾ യാത്രക്കാർക്ക് തിരഞ്ഞെടുക്കാനുള്ള സൌകര്യമുണ്ടാകും.

പ്രത്യേകം തിരഞ്ഞെടുത്ത ഏതാനും ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെങ്കിലും അധികം വൈകാതെ ഈ സംവിധാനം വ്യാപകമാക്കും. വാട്സാപിലെ ചാറ്റ് പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ പിഎൻആർ നമ്പർ രേഖപ്പെടുത്തിയാൽ ലഭ്യമായ ഹോട്ടലുകളുടെ പേരുകൾ തെളിയും.

നക്ഷത്ര ഹോട്ടലുകൾ വരെ ഇങ്ങനെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വേണ്ട വിഭവം തീരുമാനിച്ച് ഓൺലൈനായി ബിൽതുക അടച്ചു കഴിഞ്ഞാൽ ട്രെയിൻ നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ ഭക്ഷണമെത്തും. ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള മെസേജും വരും. ഹോട്ടലുകളുടെ നിലവാരമനുസരിച്ചുള്ള നിരക്കിനു പുറമേ സർവീസ് ചാർജും ഇതുവഴി ഈടാക്കും.