അഷ്റഫെ ഒന്നിങ്ങു വന്നേ… കോഴിക്കോട് ബീച്ചിൽ വിളികേട്ടത് ഒന്നല്ല, രണ്ടല്ല, പത്തല്ല, നൂറല്ല, രണ്ടായിരത്തിലധികം പേർ; കൗതുകമായി ‘അഷ്റഫ്’ മാരുടെ സം​ഗമം


കോഴിക്കോട്: അഷ്‌റഫ് എന്ന് ഉറക്കെവിളിച്ചാല്‍ ഒരാളല്ല, അവരെല്ലാം തിരിഞ്ഞു നോക്കും. എന്തെന്നാൽ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് കേരളത്തിന്റെ നാനാഭാ​ഗത്തുനിന്നുള്ള അഷ്റഫുമാരായത് തന്നെ കാരണം. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 2571 പേരാണ് കോഴിക്കോടെത്തി ചരിത്രം തിരുത്തിക്കുറിച്ചത്.

അഷ്റഫുമാർ ഒന്നായി സം​ഗമിച്ചപ്പോൾ ലോക റെക്കോർഡാണ് അവർ തിരുത്തിയെഴുതിയത്. ‘കുബ്രോസ്‌ക്കി’ എന്നപേരില്‍ റഷ്യയില്‍ നടന്ന 2325 പേരുടെ സംഗമത്തിലെ റെക്കാഡാണ് അഷ്‌റഫുമാര്‍ തകര്‍ത്തെറിഞ്ഞത്. അഷ്റഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘ലാർജ്സ്റ്റ് സെയിം നെയിം ഗാദറിങ് ‘കാറ്റഗറിയുടെ യു ആർ എഫ് വേൾഡ് റെക്കോർഡാണ് 2537 അഷ്റഫ്മാരെ അണിനിരത്തിക്കൊണ്ട് കരസ്ഥമാക്കിയത്. യു.ആര്‍.എഫ്. ലോകറെക്കോഡ് ജൂറിമാരായ സുനില്‍ ജോസഫും സത്താര്‍ ആദൂറും പരിശോധനയ്‌ക്കായി സം​ഗമത്തിന് എത്തിയിരുന്നു.

കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിൽ നിന്നും നിരവധി പേര‍്‍ സം​ഗമത്തിൽ പങ്കാലികളായി. മീഞ്ചന്ത സ്വദേശി നാലരവയസ്സുകാരന്‍ ആദം അഷ്‌റഫ്, വല്യുപ്പ മുഹമ്മദ് അഷ്‌റഫിന്റെയും ഉമ്മ ഫര്‍സാനയുടെയും കൈപിടിച്ചാണ് എത്തിയത്. അപകടത്തില്‍ കാലിനുപരിക്കേറ്റ മലപ്പുറം പടിക്കപ്പറമ്പില്‍ അഷ്‌റഫ് വാക്കറിന്റെ സഹായത്തോടെ സദസ്സിലെത്തി. പ്രവേശനകവാടത്തില്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സ്വീകരിച്ചശേഷമേ സംഗമത്തിലേക്ക് പ്രവേശിപ്പിച്ചത്.

ലഹരിമുക്തകേരളത്തിനായി പരിശ്രമിക്കുമെന്ന് എല്ലാ അഷ്‌റഫുമാരും ചേര്‍ന്ന് പ്രതിജ്ഞയെടുത്തു. അഷ്‌റഫ് എന്നാല്‍ ശ്രേഷ്ഠനെന്നാണ് അര്‍ഥമെന്ന് അഭിമാനിച്ചു. നിയമസഭയില്‍ തങ്ങളുടെ പ്രതിനിധിയായി എ.കെ.എം. അഷ്റഫ് ഉണ്ടെന്ന് കൂട്ടായ്മയുടെ കൊടിയുയര്‍ത്തി ആവേശത്തോടെ ഉറക്കെപ്പറഞ്ഞു. സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതരാവാന്‍ കൂട്ടായ്മ ഐകകണ്‌ഠ്യേന തീരുമാനിച്ചു. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ കാഴ്ചക്കാരെ ആവേശഭരിതരാക്കി.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സംഗമം ഉദ്ഘാടനംചെയ്തു. സംസ്ഥാനപ്രസിഡന്റ് അഷറഫ് മവ്വല്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ കെ. മൊയ്തീന്‍കോയ, എസ്.കെ. അബൂബക്കര്‍, അഷ്റഫ് മൂത്തേടം, എന്‍.എച്ച്. അഷ്റഫ്, അഷ്റഫ് നരിക്കുനി, ഐ.പി. അഷ്റഫ്, അഷ്‌റഫ് താമരശ്ശേരി, അഷ്‌റഫ് ചുക്കാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഷ്‌റഫ് ബാഖവി പ്രാരംഭപ്രാര്‍ഥന നടത്തി. അഷ്‌റഫ് യൂത്ത് ചാരിറ്റിസെല്‍ നല്‍കുന്ന വാട്ടര്‍പ്യൂരിഫയര്‍ മെഡിക്കല്‍കോളേജിലെ ചീഫ് നഴ്സിങ് ഓഫീസര്‍ സുമതി, മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. കെ.കെ. അഷ്‌റഫ് പുത്തൂരിന് കര്‍മശ്രേഷ്ഠപുരസ്‌കാരവും അഷ്‌റഫ് താമരശ്ശേരിക്ക് പി.സി. സ്മാരക അവാര്‍ഡും അഷ്‌റഫ് റോയാള്‍ഡിന് കര്‍ഷകശ്രീ അവാര്‍ഡും സമ്മാനിച്ചു. മൗരിക്കല്‍ അഷ്‌റഫ്, വലിയാട്ട് അഷ്‌റഫ്, താണിക്കല്‍ അഷ്‌റഫ്, കക്കാട്ട് അഷ്‌റഫ്, അഷ്‌റഫ് തോട്ടത്തില്‍ എന്നിവരെ ആദരിച്ചു. 2015-ല്‍ മലപ്പുറം തിരൂരങ്ങാടിയിലെ ചായക്കടയില്‍ അഞ്ച് അഷ്‌റഫുമാര്‍ യാദൃച്ഛികമായി ഒരുമിച്ചുകൂടിയപ്പോഴായിരുന്നു കൂട്ടായ്മയുടെ തുടക്കം.

Summary:  above 2000 people gatherd at Kozhikode beach with same name ashraf