ഏറാമലയില്‍ ചീട്ടുകളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം; നടുവണ്ണൂര്‍ സ്വദേശിയായ പൊലീസുകാരന് കുത്തേറ്റു


വടകര: ഏറാമലയില്‍ പൊലീസുകാരന് കുത്തേറ്റു. എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷ് (33)നാണ് കുത്തേറ്റത്. നടുവണ്ണൂര്‍ സ്വദേശിയാണ്.

ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് എടച്ചേരി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും, ചട്ടി കളിയും നടക്കുന്ന വിവരം നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പൊലീസ് അറിയിച്ചു.