മുചുകുന്നിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവം; പ്രതിചേർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആറു വർഷത്തിന് ശേഷം വെറുതെവിട്ട് കോടതി
കൊയിലാണ്ടി: മുചുകുന്നിലെ ബി.ജെ.പി നേതാവിന്റെ ബെെക്ക് കത്തിച്ച കേസിൽ മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരെ വെറുതെവിട്ട് കോഴിക്കോട് ജില്ലാ കോടതി. നെല്ലിമഠത്തിൽ ബാലകൃഷ്ണന്റെ ബെെക്ക് കത്തിച്ച കേസിലാണ് മുചുകുന്ന് സ്വദേശികളായ വിഷ്ണു, അഭി, ബജിൻ എന്നിവരെ കോടതി വെറുതെ വിട്ടത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം.
വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന ബാലകൃഷ്ണന്റെ ബെെക്കിന് അർദ്ധരാത്രിയിൽ ആരോ തീയിടുകയായിരുന്നു. ഡി.വെെ.എഫ്.ഐ പ്രവർത്തകരായ വിഷ്ണു, അഭി, ബജിൻ എന്നിവരാണ് സംഭവത്തിന്റെ പിന്നിലെന്ന് ആരോപിച്ച് ബാലകൃഷ്ണൻ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. മൂവരെയും പ്രതിചേർത്ത് പോലീസ് കേസെടുത്തു. ഇതേ തുടർന്ന് പതിനാറ് ദിവസം ഇവർക്ക് കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വന്നു.
കേസ് കെട്ടിച്ചമച്ചതാണെന്ന് ഡി.വെെ.എഫ്.ഐ നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇന്നത്തെ കോടതി വിധി. പ്രവർത്തകരെ കള്ള കേസിൽ കുടുക്കിയതാണെന്നും ഇവർ നിരപരാധികളാണെന്നും പറഞ്ഞത് സത്യമാണെന്നത് കോടതി വിധിയിലൂടെ തെളിഞ്ഞുവെന്ന് ഡിവെെ.എഫ്.ഐ വ്യക്തമാക്കി. പ്രതികൾക്കായി അഡ്വക്കേറ്റുമാരായ അനിൽ ജി, റിവാറസ് തുടങ്ങിയവർ ഹാജരായി.