ഒന്നിപ്പിച്ചത് സൗഹൃദം, കൊയിലാണ്ടിയിലെ ഈ പെണ്‍കൂട്ടം ഒപ്പം നടന്നു തുടങ്ങിയിട്ട് അഞ്ചു വര്‍ഷം; സഹയാത്രികയുടെ അഞ്ചാം വര്‍ഷത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: സൗഹൃദത്തിന്റെ കൈപിടിച്ച് അവര്‍ ഒന്നിച്ച് നടക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം. കൂട്ടായ്മയുടെ അഞ്ചാം വര്‍ഷം സന്നദ്ധ സേവനത്തിലൂടെ ആഘോഷിക്കുകയാണ് കൊയിലാണ്ടി സഹയാത്രിക.

ബ്ലഡ് ഡോണേഴ്‌സ് കേരളയും കോഴിക്കോട് സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് സഹയാത്രികയുടെ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ അന്‍പതോളം പേര്‍ രക്തം ദാനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ സത്യനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തസ്ലീന, നീതു, ദൃശ്യ, സാന്ദ്ര എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

സഹയാത്രിക ആദ്യമായല്ല സന്നദ്ധ സേവന രംഗത്ത്. 2017-ല്‍ കൂട്ടായ്മ രൂപപ്പെട്ടത് മുതല്‍ വിവിധ പരിപാടികളോടെ സഹയാത്രിക കൊയിലാണ്ടിയിലുണ്ട്. കോവിഡ് കാലത്തും പ്രളയ സമയത്തും സജീവമായി തന്നെ സഹയാത്രികയുടെ ഇടപെടലുണ്ടായിരുന്നു.

‘ആര്‍ക്കും സമയമില്ലാത്ത കാലമാണല്ലോ. അപ്പോള്‍ ഞങ്ങളുടെ സമയം കുറേക്കൂടെ നല്ലകാര്യങ്ങള്‍ക്ക് ചിലവഴിക്കാമെന്ന ചിന്തയാണ് സഹയാത്രികയെ നയിക്കുന്നത്. ഞങ്ങളുടെ സമയം കുറേപ്പേര്‍ക്ക് നല്ല മൊമെന്റ്‌സ് സമ്മാനിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സഹയാത്രിക ഇനി ചെയ്യാന്‍ പോവുന്നത്.’ സഹയാത്രിക ഭാരവാഹിയായ സാന്ദ്ര വി. കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടിയിലും സമീപ പ്രദേശത്തുമുള്ള പതിനഞ്ചോളം പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് 2017-ല്‍ സഹയാത്രിക രൂപീകരിച്ചത്. താലൂക് ആശുപത്രിയില്‍ പൊതിച്ചോറ് വിതരണം ചെയ്തായിരുന്നു തുടക്കം. നെസ്റ്റ് പാലിയേറ്റീവ് കെയറില്‍ ഓണാഘോഷം, പ്രളയത്തില്‍ പെട്ടുപോയ വീടുകള്‍ വൃത്തിയാക്കുക, കിറ്റ് സംഘടിപ്പിച്ച് വിതരണം ചെയ്യുക, ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ച് നല്‍കുക, വയനാട് കോളനികളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി.

സന്നദ്ധ സേവനങ്ങള്‍ക്കൊപ്പം വിമണ്‍ എംപവര്‍മെന്റ് കൂടെ സഹയാത്രികയുടെ ലക്ഷ്യമാണ്. കൂട്ടായ്മയിലൂടെ ശക്തരാവുക, ഒന്നിച്ച് കൂടുതല്‍ വലിയ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് സഹയാത്രിക ഉദ്ദേശിക്കുന്നത്. വനിത ദിനത്തില്‍ രാത്രി നടത്തം ഉള്‍പ്പടെയുള്ള പരിപാടികളും സഹയാത്രിക സംഘടിപ്പിച്ചിട്ടുണ്ട്.

ഓള്‍ഡേജ് ഹോമുകളും കെയര്‍ ഹോമുകളും പോലെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും അവരോടൊപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചെലവിടാനുമാണ് സഹയാത്രികയുടെ അടുത്ത പരിപാടി.