മൊകേരിയില്‍ ഭീതിപടര്‍ത്തിയ തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു; മൂന്നുകുട്ടികള്‍ അടക്കം എട്ടുപേരെയാണ് നായ ആക്രമിച്ചത്
കുറ്റ്യാടി: മൊകേരിയില്‍ മണിക്കൂറുകളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ തെരുവുനായയെ തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്. ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ പിന്‍തുടര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. തെരുവുനായ ആക്രമണത്തില്‍ പ്രദേശത്ത് ഇന്ന് എട്ട് പേര്‍ക്കാണ് കടിയേറ്റത്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഇവരെ കുറ്റ്യാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൊകേരി, ചങ്ങരങ്ങുളം കോവുക്കുന്ന്, ചെക്യാട് എന്നിവിടങ്ങളിലുള്ളവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇവിടെ തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രിയായാല്‍ കക്കട്ട്, മൊകേരി ടൗണുകളില്‍ തെരുവുനായകളുടെ വിഹാരമാണ്. ഭയത്തോടെയല്ലാതെ അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പുറത്തുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
നായശല്യം വര്‍ധിച്ചതോടെ നായകളെ വളര്‍ത്താന്‍ ഇവിടെ ലൈസന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെ വളര്‍ത്തിയ നായകളെ ഉപേക്ഷിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ തെരുവുനായകളെ നിയന്ത്രിക്കാന്‍ അടിയന്തരമായി എന്തെങ്കിലും സംവിധാനം കൊണ്ടുവന്നില്ലെങ്കില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
summary: astray dog who terrorized the locals was beaten to death