ഇന്നെന്താ സ്പെഷ്യല്‍? തിക്കോടി പഞ്ചായത്തിലെ അങ്കണവാടികളില്‍ ഇനി ഭക്ഷണത്തിന് പ്രത്യേക മെനു
തിക്കോടി: ഗ്രാമപഞ്ചായത്തിലെ നേഴ്സറികളില്‍ ഇനി പ്രത്യേക മെനുവില്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും. ഇഡ്ഡലി സാമ്പാര്‍, നൂല്‍പ്പുട്ട് മുട്ടക്കറി, പുട്ട് കടല കറി, മുത്താറി കുറുക്ക്, ഗോതമ്പ് പായസം, അട എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പഞ്ചായത്തിലെ 27 അങ്കണവാടികളിലും പദ്ധതി നടപ്പിലാകും.
ക്രാഡില്‍ മെനു പ്രകാരമാണ് കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ രണ്ടു ദിവസ്സം പാലും മുട്ടയും തേന്‍ കണം പദ്ധതിയുടെ ഭാഗമായി തേനും അങ്കണവാടികളില്‍ നല്കി വരുന്നുണ്ട് .
പഞ്ചായത്ത് തലഉദ്ഘാടനം പള്ളിപ്പറമ്പില്‍ ലക്ഷം വീട് കോളനി അങ്കണവാടിയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്.വിശ്വന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേലടി ബ്ലോക്ക് മെമ്പര്‍ റംല, ആശ വര്‍ക്കര്‍ വഹീദ, സി.ഡി.എസ് മെമ്പര്‍ റഹീന, എ.എല്‍.എം.സി അംഗം അഷറഫ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റുഫീല.ടി.കെ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ മജീദ് സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ നന്ദിനി യു.കെ നന്ദിയും പറഞ്ഞു.
summary: Anganwadi of Thikodi Panchayat now have a special menu for food