‘അളവ് തെറ്റ്, അശോകചക്രം പകുതി മാത്രം, ഇതാണോ വീടുകളിലേക്കായി തന്നുവിട്ട പതാക?’; പന്തലായനി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ദേശീയപതാകകൾക്കെതിരെ വ്യാപക പ്രതിഷേധം
കൊയിലാണ്ടി: ‘അളവും വ്യത്യാസം, അശോകചക്രത്തിന്റെ പകുതി മാത്രമേയുള്ളു, വീടുകളിൽ പാറിപറത്താനായി തന്നുവിട്ട പതാക ഇതാണോ?’ പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂളിൽ വിതരണം ചെയ്ത പതാകയ്ക്കെതിരെ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. അഞ്ചു രൂപ വില മതിക്കുന്ന പതാകകളാണ് ഇരുപത് രൂപയുടെ പതാക എന്ന പേരിൽ കിട്ടിയത് മാതാപിതാക്കൾ പറയുന്നു.
വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സ്കൂളുകളിലെത്തിച്ച ദേശീയ പതാകകൾ നിലവാരമില്ലാത്തതാണെന്ന പരാതിയാണ് രക്ഷിതാക്കൾ ഉയർത്തിയത്. ദേശീയ പതാക നിര്‍മ്മിക്കുമ്പോൾ ആവശ്യപ്പെടുന്ന നിബന്ധനകള്‍ പാലിക്കാതെ നിര്‍മ്മിച്ച പതാകകളാണ് സ്കൂളുകളില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. 20, 25, 30, 40 തുടങ്ങി വിവിധ വിലകളിലാണ് പതാക നിർമ്മിച്ചിരിക്കുന്നത്. കൂള്‍ഡ്രിങ്ക്സ് സ്ട്രോകളാണ് പതാകകളിൽ ഘടിപ്പിച്ചിരിക്കുന്നത്.
‘സ്കൂളുകാർ ഒരിക്കലും ഇത്തരത്തിലൊരു പതാക വിതരണം ചെയ്യാൻ പാടില്ലായിരുന്നു. അവർക്ക് എവിടെ നിന്നാണോ കിട്ടിയത് അവിടെ തിരിച്ചേൽപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യൻ പതാക അല്ലേ ഇത്? ഇങ്ങനെയാണോ നൽകേണ്ടത്? അളവും ശരിയല്ല, ആകൃതിയും ശരിയല്ല. അധ്യാപകർ അൽപ്പം ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു’ -മാതാപിതാക്കൾ ഒന്നടങ്കം പറയുന്നു.
പതാകകള്‍ക്ക് കൃത്യമായ അളവോ ദേശീയ പതാക നിർമ്മിക്കുമ്പോൾ നിഷ്കര്‍ഷിച്ചിരിക്കുന്ന യാതൊരുവിധ നിബന്ധനകളോ പാലിച്ചിട്ടില്ല. മാത്രമല്ല വില്പനയ്ക്ക് എത്തിച്ച പല പതാകകളുടെയും വശങ്ങൾ കീറിപ്പറഞ്ഞ നിലയിലുമാണ്. പതാകകളുടെ മധ്യത്തിൽ വരേണ്ട അശോകചക്രം ചിലതിൽ അൽപ്പം മാത്രമേ കാണാനുള്ളൂ. ചിലതിൽ മഷി പടർന്ന നിലയിലും പല കുട്ടികൾക്കും അശോക ചക്രമേ ഇല്ലാത്ത കൊടികളാണ് കിട്ടിയത് എന്നും സങ്കടത്തോടെ അവർ പറഞ്ഞു.
വിളിച്ചു ചോദിച്ചപ്പോൾ വെള്ളിയാഴ്ച വൈകുന്നേരമാണ് പതാക കിട്ടയതെന്നും, മോശം അവസ്ഥയിലാണ് എന്ന് അപ്പോഴാണ് മനസ്സിലായതെന്നും എന്നായിരുന്നു അധ്യാപകരുടെ പ്രതികരണമെന്നും അവർ കൂട്ടിച്ചേർത്തു.
‘ഫ്ലാഗ് കണ്ട് പ്രശ്നമുണ്ടെന്നു മനസ്സിലായപ്പോൾ തന്നെ മുൻസിപ്പാലിറ്റിയിൽ വിവരമറിയിച്ചു. വീടുകളിൽ ഉയർത്താനായി നൽകിയ പതാകയുടെ വലുപ്പം ഇങ്ങനെയാണോ? വരും ദിവസങ്ങളിൽ ഇതിനൊരു മറുപടി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർച്ചയായും പി.ടി.ഐ യുടെ പേരിൽ ഇത് ചർച്ച ചെയ്യുമെന്ന് പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഹര് ഘര്‍ തിരംഗയുടെ ഭാഗമായി 13 മുതല്‍ 15 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പതാക നിര്‍മിക്കാനുള്ള അവസരം കൈവന്നത്. 22 ലക്ഷം ദേശീയ പതാകകള്‍ ആണ് വെള്ളിയാഴ്ച വരെ കുടുംബശ്രീ നിര്‍മിച്ചത്.
ഈ വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് സ്കൂൾ അധികൃതർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.