വെള്ളത്തിലിറങ്ങല്ലേ, അപകടം പതിയിരിക്കുന്നു; കോഴിക്കോട് ജില്ലയില്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് നിരോധിച്ചു; ലംഘിച്ചാല്‍ കര്‍ശന നടപടി
കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ ചാടുന്നതിനും നീന്തിക്കുളിക്കുന്നതിനുമെല്ലാം ഇനി കുറച്ചുകാലത്തേക്ക് അവധി നല്‍കാം. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡി ജില്ലയിലെ ജലാശയങ്ങളില്‍ ആളുകള്‍ ഇറങ്ങുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കക്കയം, പെരുവണ്ണാമൂഴി അണക്കെട്ടുകള്‍ തുറന്നതിനാലും ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും എല്ലാ ജലാശയങ്ങളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാലാണ് വെള്ളത്തിലിറങ്ങുന്നത് നിരോധിച്ചത്.
നദികള്‍, കടല്‍, മറ്റുജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നതാണ് നിരോധിച്ചത്. അവധിദിനങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പാറക്കെട്ടിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത്തിനും നിരോധനം ഏര്‍പ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളിലും കനത്ത മഴ മുന്നറിയിപ്പുമുള്ളതിനാല്‍ ജാഗ്രത തുടരേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.