ഭീതിയുയര്‍ത്തി കോവിഡ് വകഭേദം; ഒമിക്രോണിനേക്കാള്‍ ജനിതകവ്യതിയാനങ്ങള്‍, ആളിപ്പടരുമോ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇഹു?
ലോകമെങ്ങും ഭീതിപരത്തിക്കൊണ്ട് കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപകമാവുന്നതിനിടെ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞിരിക്കുന്നു.
ബി.1.640.2 എന്ന വകഭേദമാണ് ഫ്രാന്‍സിലെ മാര്‍സെയ്‌ലിസ് മേഖലയില്‍ 12 പേരില്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ഇഹു(ഐ.എച്ച്.യു). എന്നാണ് ഈ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. ഫ്രാന്‍സിലെ ഐ.എച്ച്.യു. മെഡിറ്ററേനീ ഇന്‍ഫെക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.
ഒമിക്രോണിനേക്കാള്‍ 46 ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചതാണ് പുതിയ വകഭേദമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നും ഫ്രാന്‍സിലെത്തിയ ഒരു വ്യക്തിയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍ വാക്‌സിനെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.
ആല്‍ഫ എന്നറിയപ്പെടുന്ന എന്‍501വൈ എന്ന വകഭേദത്തിന്റെ സ്‌ട്രെയിനുകളെപ്പോലെയാണ് ഈ പുതിയ ഐ.എച്ച്.യു. എന്ന വകഭേദത്തിന്റെ സ്‌ട്രെയിന്‍ കാണപ്പെടുന്നത്. വാക്‌സിനുകളെ പ്രതിരോധിക്കുന്ന ഇ484കെ എന്ന വ്യതിയാനവും ഐ.എച്ച്.യുവിന്റെ സ്‌പൈക്ക് പ്രോട്ടീനിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാക്‌സിന്‍ പ്രതിരോധ ശേഷിയെയാണ് ശാസ്ത്രലോകം ഏറെ ഭയക്കുന്നതും. ബീറ്റ, ഗാമ, തീറ്റ, ഒമിക്രോണ്‍ എന്നീ കോവിഡ് വകഭേദങ്ങളില്‍ നേരത്തെ കണ്ടെത്തിയ ജനിതകവ്യതിയാനങ്ങളാണ് എന്‍501വൈ, ഇ484കെ എന്നിവ.
വൈറസിന് ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയായ സ്‌പൈക്ക് പ്രോട്ടീനില്‍ എന്‍501വൈ, ഇ484കെ എന്നിവ ഉള്‍പ്പടെ 14 അമിനോ ആസിഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ഒന്‍പത് ഡെലീഷനുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ ജീനോടൈപ്പ് പാറ്റേണ്‍ വഴിയാണ് ബി.1.640.2 എന്ന പുതിയ വകഭേദം രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ നവംബറില്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ശേഖരിച്ച സാംപിളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് പുതിയ വകഭേദത്തെ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
നിലവില്‍ പുതിയ വകഭേദം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് ഭീകരാവസ്ഥയിലേക്കെത്തുമെന്ന് ഇപ്പോള്‍ പറയാനാവില്ല. വിഭജനത്തിനുള്ള ഒരു വകഭേദത്തിന്റെ ശേഷിയുടെ അടിസ്ഥാനത്തിലും അതിന്റെ ജനിതകവ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലുമാണ് അത് തീവ്രമാണോ അതിതീവ്രമാണോയെന്ന് നിര്‍ണയിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്. ഒമിക്രോണിനെപ്പോലെ ആശങ്കപ്പെടേണ്ടത് എന്നര്‍ഥമുള്ള ‘വാരിയന്റ് ഓഫ് കണ്‍സേണ്‍’ എന്ന വിഭാഗത്തില്‍പ്പെടുമ്പോള്‍ അത് തീവ്രവ്യാപനത്തിനിടയാക്കും. ഏത് വിഭാഗത്തിലാണ് ഈ പുതിയ വകഭേദത്തെ ഉള്‍പ്പെടുത്തുന്നത് എന്ന് അറിയേണ്ടതുണ്ട്.- റിപ്പോര്‍ട്ട് പരാമര്‍ശിച്ച് എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗിള്‍ ഡിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങളില്‍ മറ്റ് രാജ്യങ്ങളിലൊന്നും ഈ പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെപ്പോലെ ഈ വകഭേദത്തിന് ലോകാരോഗ്യ സംഘടന പേര് നല്‍കിയിട്ടില്ല. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷമായിരിക്കും ഇതിലേക്ക് കടക്കുക.
ഇതുവരെയുള്ള കൊറോണ വൈറസ് വകഭേദങ്ങള്‍ ഇവയാണ്.
ആല്‍ഫ
ബി.1.1.7 എന്നാണ് ശാസ്ത്രീയ നാമം. ആദ്യമായി കണ്ടെത്തിയത് 2020 സെപ്റ്റംബറില്‍ യു.കെയിലാണ്.
ബീറ്റ
ബി.1.351 എന്നാണ് ശാസ്ത്രീയ നാമം. 2020 മേയില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.
ഗാമ
പി.1 എന്നാണ് ശാസ്ത്രീയ നാമം. 2020 നവംബറില്‍ ബ്രസീലിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.
ഡെല്‍റ്റ
ബി.1.617.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറിലില്‍ ഇന്ത്യയിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്.
എപിസിലോണ്‍
ബി.1.427/ ബി.1.429 എന്നാണ് ശാസ്ത്രീയ നാമം. 2020 മാര്‍ച്ചില്‍ യു.എസ്.എയിലാണ് കണ്ടെത്തിയത്.
സീറ്റ
പി.2 എന്നാണ് ശാസ്ത്രീയ നാമം. 2020 ഏപ്രിലില്‍ ബ്രസീലിലാണ് തിരിച്ചറിഞ്ഞത്.
കാപ്പ
ബി.1.617.1 എന്നതാണ് ശാസ്ത്രീയ നാമം. 2020 ഒക്ടോബറില്‍ ഇന്ത്യയിലാണ് ഇത് സ്ഥിരീകരിച്ചത്.
ഇയോറ്റ
ബി.1.526 എന്നാണ് ശാസ്ത്രീയ നാമം.2020 നവംബറില്‍ യു.എസ്.എയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.
ഈറ്റ
ബി.1.525 എന്നാണ് ശാസ്ത്രീയ നാമം. 2020 ഡിസംബറില്‍ നിരവധി രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞു.
തീറ്റ
പി.3 എന്നാണ് ശാസ്ത്രീയ നാമം. 2021 ജനുവരിയില്‍ ഫിലിപ്പിന്‍സിലാണ് ആദ്യമായി കണ്ടെത്തിയത്.
ഡെല്‍റ്റ പ്ലസ്
എ.വൈ.1 എന്നാണ് ശാസ്ത്രീയ നാമം. 2021 ജൂണില്‍ ഇന്ത്യയിലാണ് ഇത് തിരിച്ചറിഞ്ഞത്.
ഒമിക്രോണ്‍
ബി.1.1.529 എന്നാണ് ശാസ്ത്രീയ നാമം. 2021 നവംബറില്‍ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്.