ക്വിറ്റ് ഇന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ ഉള്ള്യേരി പാലം ഇന്ന് പൊളിക്കും; മേഖലയില്‍ ഇനി ഗതാഗത നിയന്ത്രണം- വിശദമായി അറിയാം


ഉള്ള്യേരി: ക്വിറ്റ് ഇന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ ഉള്ള്യേരി അങ്ങാടിയിലെ പാലം ബുധനാഴ്ച പൊളിച്ചുതുടങ്ങും. സ്ഥലത്ത് പുതിയ പാലം നിര്‍മ്മിക്കും. കൊയിലാണ്ടി-താമരശേരി- മുക്കം- അരീക്കോട് റോഡ് പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തികള്‍ തിരുവനന്തപുരം ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നടത്തുന്നത്. നിലവിലെ അതേ നീളത്തിലും വീതിയിലുമാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തില്‍ ഉള്ള്യേരിയിലെ പാലം തകര്‍ക്കപ്പെട്ടിരുന്നു. 1942 ഓഗസ്റ്റ് 19-ന് രാത്രി ഏഴുമണിക്കാണ് താമരശ്ശേരി-കൊയിലാണ്ടിപാതയിലെ മരപ്പാലം സമരഭടന്‍മാര്‍ ചേര്‍ന്ന് തകര്‍ത്തത്. ബ്രിട്ടീഷുകാര്‍ക്കെതിരേ കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത ആദ്യത്തെ അട്ടിമറി സംഭവമായിരുന്നു അത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഗതാഗതം തടസ്സപ്പെടുത്താന്‍ വേണ്ടി വെട്ടിയും ഈര്‍ന്നുമാണ് തകര്‍ത്തത്. കണ്ടുനിന്നവരും ആവേശത്തോടെ പങ്കാളികളായി. തീവണ്ടി ഓടിക്കാനും മറ്റുമായി പശ്ചിമഘട്ടത്തിലെ മരങ്ങള്‍ കത്തിച്ചുണ്ടാക്കിയ കരി ഉള്ളിയേരിയിലൂടെ കൊണ്ടുപോകുന്നത് തടയുകയായിരുന്നു പ്രക്ഷോഭകരുടെ ലക്ഷ്യം.

അതിനുശേഷം പുനര്‍നിര്‍മ്മിച്ച പാലമാണ് ഇപ്പോള്‍ പൊളിക്കാനൊരുങ്ങുന്നത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ നടത്തിയ പോരാട്ട ചരിത്രത്തിന്റെ ഭാഗമായ പാലം ഇല്ലാതാകുന്നത് നാട്ടുകാരെ വിഷമിപ്പിക്കുന്നുണ്ട്.

പാലം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി ജനുവരി അഞ്ചുമുതല്‍ ഉള്ള്യേരിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേരാമ്പ്രയില്‍ നിന്ന് കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും പോകുന്ന ചെറിയ വാഹനങ്ങള്‍ തെരുവത്തു കടവിലുള്ള കക്കഞ്ചേരി-മുണ്ടോത്ത് റോഡുവഴി പോകണം. അത്തോളി ഭാഗത്തുനിന്ന് പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൂമുള്ളി-നാറാത്ത്-മുണ്ടോത്ത് വഴി പോകണമെന്നുമാണ് നിര്‍ദേശം.

ഉള്ളിയേരിയില്‍ ഗതാഗതനിയന്ത്രണം

ഉള്ളിയേരി പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി അഞ്ചുമുതല്‍ അറിയിപ്പുണ്ടാകുന്നതുവരെ ഉള്ളിയേരിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

പേരാമ്പ്രയില്‍നിന്ന് കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും പോകുന്ന ചെറിയ വാഹനങ്ങള്‍ തെരുവത്തുകടവിലുള്ള കക്കഞ്ചേരി-മുണ്ടാത്ത് റോഡ് വഴി പോകണം. അത്തോളി ഭാഗത്തുനിന്ന് പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൂമുള്ളി-നാറാത്ത്-മുണ്ടോത്ത് വഴി പോകണമെന്നും കണ്ണൂര്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.