ബാറില്‍ നിന്നും മദ്യപിച്ച് സംഘര്‍ഷം സൃഷ്ടിച്ചു; വിവരമറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍


താമരശ്ശേരി: ബാറില്‍ സംഘര്‍ഷമുണ്ടെന്നറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ ഷംസീര്‍ എന്ന കുഞ്ഞി(32)യാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ അമ്പായത്തോട്ടിലെ ബാറിലാണ് സംഭവം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനും പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകള്‍ചുമത്തി ഇയള്‍ക്കെതിരെ കേസെടുത്തു.

ബാറിലെ സംഘര്‍ഷം മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയതിന് ഷംസീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാനഹത്തില്‍ കയറ്റുന്നതിനിടെ ഇയാള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് ജീപ്പിന്റെ പിറകിലെ ചില്ല് തകര്‍ക്കുകയും ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തില്‍ ഗ്രേഡ് എസ്.ഐ.മാരായ പുരുഷോത്തമന്‍, ജയദാസന്‍, സീനിയര്‍ സി.പി.ഒ. സമീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പോലീസ് എത്തിയാണ് പ്രതിയെ കീഴ്‌പെടുത്തിയതും ആംബുലന്‍സില്‍ കയറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചതും.