‘ഒപ്പം നിന്ന കൊയിലാണ്ടിക്കാര്‍ക്ക് നന്ദി’; ബിഗ് ബോസ് വിന്നര്‍ ദില്‍ഷ പ്രസന്നന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ നേട്ടം കൈവരിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതോടെ അഭിനന്ദന പ്രവാഹമാണ് കൊയിലാണ്ടിക്കാരി ദില്‍ഷ പ്രസന്നന്. ആരാധകരുടെയും മാധ്യമങ്ങളുടെയും ബഹളത്തിനിടയില്‍ അവര്‍ തന്റെ പ്രതികരണം ഒറ്റവാക്കില്‍ ചുരുക്കി. ‘ ഒപ്പം നിന്നതിന് ഒരുപാട് ഒരുപാട് നന്ദി’ ദില്‍ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഷോ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായെങ്കിലും ഇപ്പോഴും മുംബൈയില്‍ തന്നെയാണ് ദില്‍ഷ. മാതാപിതാക്കളും സഹോദരങ്ങളും കൂട്ടിനുണ്ട്. അവരില്‍ നിന്നൊക്കെ അറിയാന്‍ ഒരുപാടൊരുപാട് വിശേഷങ്ങളുമുണ്ട്. വ്യാഴാഴ്ചയേ ദില്‍ഷയും കുടുംബവും കേരളത്തിലെത്തൂ.
നൃത്തരംഗത്തും അഭിനയ രംഗത്തും ഏറെ താല്‍പര്യമുള്ള ദില്‍ഷയ്ക്ക് ബിഗ് ബോസ് വിജയം സ്വപ്‌നത്തിലേക്കുള്ള വഴിയാകുമെന്ന് തന്നെയാണ് കുടുംബത്തിന്റെയും ദില്‍ഷയെ സ്‌നേഹിക്കുന്നവരുടെയും പ്രതീക്ഷ.
അന്‍പത് ലക്ഷം രൂപയും കപ്പുമാണ് ദില്‍ഷ നേടിയെടുത്തത്. ബിഗ് ബോസ് മലയാളം സീസണ്‍ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നെങ്കിലും ഫിനാലെ സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട പോലെ തന്നെയാണ് നടന്നത്. അവസാന ആറ് പേരില്‍ നിന്ന് സൂരജ്
തേലക്കാടും, ധന്യ മേരി വര്‍ഗീസും, ലക്ഷ്മിപ്രിയയും പുറത്തായതോടെ എല്ലാവരും പ്രവചിച്ചത് പോലെ മത്സരം ദില്‍ഷയും റിയാസും ബ്ലെസ്ലിയും തമ്മിലായി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് സലീം സീസണിലെ മൂന്നാം സ്ഥാനത്തെക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ബിഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രയായി വന്ന വ്യക്തി നൂറു ദിവസങ്ങള്‍ പിന്നിടുന്നത്.
ദില്‍ഷയുടെ ജീവിതത്തിന്റെ തന്നെ ഗ്രാഫ് മാറ്റി മറിക്കുന്ന വിജയമാണ് ബിഗ് ബോസ് വഴി ലഭിച്ചത്. ദില്‍ഷയുടെ കരിയറിലും നിരവധി മികച്ച അവസരങ്ങള്‍ ഇതിലൂടെ ലഭിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. റോബിന്‍ ബ്ലെസ്ലി എന്ന മത്സരാര്‍ഥികളുടെ നിഴല്‍, സ്വന്തമായ നിലപാട് ഇല്ലാത്തയാള്‍ തുടങ്ങിയ നിരവധി വിമര്‍ശനങ്ങള്‍ തരണം ചെയ്താണ് ദില്‍ഷ ഫിനാലയിലേക്ക് പ്രവേശനം സ്വന്തമാക്കിയത്. സീസണില്‍ വീക്കിലി ടാസ്‌കിലൂടെ നേരിട്ട് ഫിനാലെയക്ക് യോഗ്യത നേടിയപ്പോള്‍ താന്‍ ആരുടെയും നിഴല്‍ അല്ല ദില്‍ഷ തെളിയിച്ചു.
മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകള്‍ കൊണ്ടും എല്ലാവരുടെയും ഒപ്പം നിന്നുമാണ് പ്രേക്ഷക മനസില്‍ ദില്‍ഷ ഇടംനേടിയത്. കൊയിലാണ്ടി സ്വദേശികളായ പ്രസന്നന്‍ ബീന ദമ്പതികളുടെ മകളാണ് ദില്‍ഷ. ബി.ബി.എ പൂര്‍ത്തിയാക്കിയ ദില്‍ഷ ബാംഗ്ലൂരില്‍ അഡ്മിന്‍ കോഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് സഹോദരിമാരുണ്ട്. കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിലെയും ആര്‍ട്സ് കോളേജിലെയും പൂര്‍വ്വ വിദ്യാര്‍ഥിയാണ്.
നര്‍ത്തകിയെന്ന നിലയില്‍ ശ്രദ്ധനേടിയാണ് ദില്‍ഷ ബിഗ് ബോസ് ഷോയിലേക്ക് വരുന്നത്. അഭിനയ മികവിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.