ട്രെയിൻ യാത്രയ്ക്കിടെ സൈനികന്റെ തോക്കിന്റെ തിരയും കാട്രിഡ്ജും കവർന്ന കേസ്; പുതിയങ്ങാടി സ്വദേശി പിടിയിൽ
കോഴിക്കോട്: ട്രെയിൻയാത്രക്കിടെ സൈനികന്റെ തോക്കിന്റെ തിരയും തിരനിറക്കുന്ന കാട്രിഡ്ജും കവർന്ന കേസിലെ പ്രതി പിടിയിൽ. പുതിയങ്ങാടി സ്വദേശി സീതാലയത്തിൽ രതീഷിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആക്കുളം സതേൺ എയർ കമാൻഡന്റിലെ ഉദ്യോഗസ്ഥനായ സുദേഷിന്റെ തോക്കിന്റെ തിരകളടങ്ങിയ ബാഗാണ് ട്രെയിൻയാത്രക്കിടെ പ്രതി കവർന്നത്. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിയാണ് ഇയാൾ.
മേയ് പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരകൾ മോഷണം പോയതിൽ സുദേഷിനെതിരെ സൈന്യം നടപടി സ്വീകരിച്ചിരുന്നു. സുദേഷും മറ്റുദ്യോഗസ്ഥരും ചെന്നൈയിൽ സ്പെഷൽ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് സംഭവം, ഇവർ കോയമ്പത്തൂരിനടുത്തു വെച്ച് ട്രെയിനിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ സുദേഷിന്റെ ബാഗുമായി പ്രതി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കോയമ്പത്തൂർ റെയിൽവേ പോലീസ് കേസ് എടുത്തിരുന്നു. ബാഗിലുണ്ടായിരുന്ന തിരകൾ ട്രെയിൻയാത്രക്കിടെ പുറത്തേക്കെറിഞ്ഞു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
സി.സി.ടി.വി ക്യാമറയുടെ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയുടെ ചിത്രം കണ്ടെത്തിയെങ്കിലും വിവിധയിടങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ കോഴിക്കോട് സ്വദേശിയാണെന്നറിഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾ മുൻപും ജില്ലയിൽ നിരവധി കവർച്ച, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. ഒന്നരമാസം മുമ്പാണ് ജില്ല ജയിലിൽനിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.