കൊയിലാണ്ടിക്കാർക്ക് പ്രതീക്ഷയായി എം.പിയുടെ വാക്കുകൾ; കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്ന് കെ.മുരളീധരൻ എം.പി; റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
കൊയിലാണ്ടി: കെ.മുരളീധരൻ എം.പി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. വികസന കാര്യങ്ങൾ അവലോകനം ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷൻ മാസ്റ്റർ രശ്മി എം.പിക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി.
കോവിഡ് വ്യാപനത്തിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകൾ വീണ്ടും നിർത്തിപ്പിക്കാനായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സ്റ്റേഷൻ സന്ദർശനത്തിന് ശേഷം കെ.മുരളീധരൻ എം.പി പറഞ്ഞു. പ്രതിദിന വണ്ടികളായ നിസാമുദ്ദീൻ-എറണാകുളം മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12618), തിരുവനന്തപും-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വേരാവൽ എക്സ്പ്രസ് (16334), നാഗർകോവിൽ ഗാന്ധിദാം എക്സ്പ്രസ് (16336), കൊച്ചുവേളി-ശ്രീഗംഗാനഗർ എക്സ്പ്രസ് (16312) എന്നീ ട്രെയിനുകൾക്കാണ് കൊയിലാണ്ടിയിലെ സ്റ്റോപ്പ് എടുത്ത് മാറ്റിയത്.
ഈ വണ്ടികൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ അടിയന്തിരമായി ഇടപെടുമെന്ന് എം.പി ഉറപ്പ് നൽകി. കൂടാതെ മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കൊയിലാണ്ടിയില്‍ പുതുതായി സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യവും റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും. മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കേണ്ടതാണെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.
കൊയിലാണ്ടിയില്‍ റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ റെയിൽവേയോട് ആവശ്യപ്പെടും. പുതുതായി തുടങ്ങിയ ടിക്കറ്റ് കൗണ്ടറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചാല്‍ ടിക്കറ്റ് റിസര്‍വേഷേന്‍ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പഴയ മുത്താമ്പി റോഡില്‍ റെയില്‍വേ നടപ്പാലം സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ കൊയിലാണ്ടി നഗരസഭയുമായി ആലോചിച്ച് നടത്തുമെന്നും എം.പി അറിയിച്ചു.
നഗരസഭ കൗണ്‍സിലര്‍മാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, കെ.എം.സുമതി, കോണ്‍ഗ്രസ് നേതാക്കളായ രാജേഷ് കീഴരിയൂര്‍, വി.പി.ഭാസ്ക്കരന്‍, ടി.പി.കൃഷ്ണന്, അഡ്വ.പി.ടി.ഉമേന്ദ്രന്‍, അഡ്വ.കെ.പി.നിഷാദ്, പി.വി.വേണുഗോപാല്‍, പി.കെ.പുരുഷോത്തമന് എന്നിവർ കെ.മുരളീധരൻ എം.പിയോടപ്പമുണ്ടായിരുന്നു.