കേറിവാ മക്കളേ… പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് കൊയിലാണ്ടിയും; മിക്‌സഡ് ആക്കിയശേഷമുള്ള ആദ്യ അധ്യയന വര്‍ഷം ആഘോഷിക്കാനൊരുങ്ങി കൊയിലാണ്ടിയിലെ പഴയ ഗേള്‍സ് സ്‌കൂള്‍
കൊയിലാണ്ടി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്‌കൂളുകള്‍ എല്ലാം ഇന്ന് പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുകയാണ്.
പൊതുവിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളകളാണ് ഇന്ന് തുറക്കുന്നത്. കൊയിലാണ്ടി സബ് ജില്ലയിലെ 73 സ്‌കൂളുകളും ഇന്ന് തുറക്കും.
പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം എല്ലാ സ്‌കൂളുകളിലും പൂര്‍ത്തിയായി. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്ന് പഠിക്കും.
യൂണിഫോം വിതരണവും പാഠപുസ്തക വിതരണവുമെല്ലാം മിക്ക സ്‌കൂളിലും പൂര്‍ത്തിയായി. ബാക്കിയുള്ളത് ഇന്ന് വിതരണം ചെയ്യും.
കോവിഡില്‍ നിന്ന് പൂര്‍ണമായി മുക്തി നേടാത്ത സാഹചര്യത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത്. കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാനിറ്റൈസറും കൈവശം വെക്കണം. ഭക്ഷണം പങ്കുവെക്കാന്‍ പാടില്ല.
കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടക്കുക. രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ഇതേ സമയം തന്നെയാണ് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുക.