ആധാറിന്റെ പകർപ്പ് ആര്‍ക്കും നല്‍കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കണമെന്നും നിർദ്ദേശം; മാസ്ക്ഡ് ആധാറിനെ കുറിച്ച് അറിയാം (വീഡിയോ കാണാം)


ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും നല്‍കാന്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.

ദുരുപയോഗം തടയാനായി ആധാറിന്റെ മാസ്‌ക് ചെയ്ത കോപ്പി ഉപയോഗിക്കാം. 12 അക്കമുള്ള ആധാറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം കാണുന്ന വിധത്തിലുള്ള ആധാര്‍ കാര്‍ഡാണ് മാസ്‌ക് ചെയ്ത ആധാര്‍. യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റില്‍ നിന്ന് മാസ്‌ക് ചെയ്ത ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം. ‘മാസ്‌ക് ചെയ്ത ആധാര്‍ വേണോ’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മാസ്‌ക് ചെയ്ത ആധാര്‍ ലഭിക്കും.

മാസ്ക്ഡ് ആധാർ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം? വീഡിയോ കാണാം:

സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങുന്നത് കുറ്റകരമാണെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (യു.ഐ.ഡി.എ.ഐ) നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ആധാര്‍ ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ യു.ഐ.ഡി.എ.ഐയില്‍ നിന്നുള്ള സാധുവായ യൂസര്‍ ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഐ.ടി മന്ത്രാലയം ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഇന്റര്‍നെറ്റ് കഫേകളിലെയും മറ്റും പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുത്. അഥവാ ഉപയോഗിച്ചാല്‍ പ്രസ്തുത കമ്പ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആധാര്‍ കാര്‍ഡിന്റെ എല്ലാ പകര്‍പ്പുകളും ഡിലീറ്റ് ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.