സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ള പേരാമ്പ്ര സ്വദേശിയടക്കമുള്ള യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്; ഒളിവില്‍ താമസിപ്പിക്കാന്‍ രഹസ്യകേന്ദ്രം ഒരുക്കിനല്‍കിയ താമരശേരി സ്വദേശിയ്ക്കുവേണ്ടി അന്വേഷണം ഊര്‍ജിതം
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള പേരാമ്പ്ര സ്വദേശിയടക്കമുള്ള രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചാമനായി ഊര്‍ജിതാന്വേഷണം. തട്ടിക്കൊണ്ടുപോയ പ്രതികളെ തടവില്‍ താമസിപ്പിച്ച രഹസ്യകേന്ദ്രം ഒരുക്കി നല്‍കിയ താമരശ്ശേരി സ്വദേശിയെയാണ് പൊലീസ് തിരയുന്നത്. മറ്റു പ്രതികള്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍പോയതായാണ് സൂചന.
ഈങ്ങാപ്പുഴക്കടുത്തുള്ള രഹസ്യകേന്ദ്രത്തിലാണ് തട്ടിക്കൊണ്ടുപോയവരെ ഒളിവില്‍ താമസിപ്പിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച മൂന്നു കാറുകളില്‍ ഒന്ന് ഏര്‍പ്പാടാക്കിയതും ഇയാളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തിലടക്കം ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. ഈ കാറും പിടിച്ചെടുക്കും.
കേസില്‍ മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ മുഹമ്മദ് സമീര്‍ (31), ജയരാജന്‍ (51), റഊഫ് (30), കോഴിക്കോട് കടലുണ്ടി സ്വദേശി രതീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളിയാണ് ഒളിവിലുള്ള താമരശ്ശേരി സ്വദേശി.
മേയ് 27ന് ദുബൈയില്‍നിന്ന് ഒരു കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറത്തറ സ്വദേശി അബ്ദുല്‍ നിസാര്‍ ഉടമസ്ഥര്‍ക്ക് സ്വര്‍ണം നല്‍കാതെ മുങ്ങിയിരുന്നു. ഇതോടെ, നിസാറിനെ സ്വര്‍ണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയ പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷഹീറിനെയും മായനാട് സ്വദേശി ഫാസിലിനെയും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവരുടെ വീട്ടുകാരോട് സ്വര്‍ണമോ അല്ലെങ്കില്‍ അതിനു തുല്യമായ പണമോ തന്നില്ലെങ്കില്‍ രണ്ടുപേരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കുടുംബം പരാതി നല്‍കിയത്.
പൊലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയവരെ ആദ്യം മൈസൂരുവിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടത്തുകയായിരുന്നു. ഇവിടെവെച്ചാണ് മെഡിക്കല്‍ കോളജ് പൊലീസ് പ്രതികളെ പിടികൂടിയത്. അതേസമയം, തന്നെ പരിചയപ്പെടുത്തിയവരെ തട്ടിക്കൊണ്ടുപോയെന്നറിഞ്ഞതോടെ സ്വര്‍ണം കടത്തിയ അബ്ദുല്‍ നിസാര്‍ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്കു കടന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
[bot1]