കൂരാച്ചുണ്ട് ആയുർവേദ ആശുപത്രിയിൽ ഐ.പി. ബ്ലോക്കിന് കല്ലിട്ടു


പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ഐ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ കല്ലിടൽ സച്ചിൻദേവ് എം.എൽ.എ. നിർവഹിച്ചു. ആശുപത്രിയെ കുറ്റമറ്റരീതിയിൽ വികസിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

 

എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഐ.പി. ബ്ലോക്കിനായി അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിൽ കിടത്തിച്ചികിത്സാ സൗകര്യമില്ലാത്തത് രോഗികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.

 

രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് നിലവിൽ ചികിത്സ ലഭ്യമാകുന്നത്. കിടത്തിച്ചികിത്സ ആവശ്യമുള്ളവർ കിലോമീറ്റർ യാത്രചെയ്ത് തലയാട്, തച്ചൻകുന്ന്, പനായി എന്നിവിടങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുകയാണ് പതിവ്. ആശുപത്രിയിൽ പഞ്ചകർമ, സ്പോർട്സ് ആയുർവേദ, നേത്രവിഭാഗം എന്നിവ തുടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

ശിലാസ്ഥാപനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റസീന യൂസഫ്, ബ്ലോക്ക് അംഗം വി.കെ. ഹസീന, ഡോ. മുഹമ്മദ് ഷരീഫ്, എ.കെ. പ്രേമൻ, കെ.ജി. അരുൺ, പഞ്ചായത്ത് അംഗങ്ങളായ വിൽസൺ പത്തിച്ചാലിൽ, അരുൺ ജോസ്, സിമിലി ബിജു, സിനി ഷിജോ, വിജയൻ കിഴക്കയിൽമീത്തൽ തുടങ്ങിയവർ പങ്കെടുത്തു.